പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ കഴിയുന്ന വീടുകൾ നിർമിച്ചുനൽകാൻ കെയർ ഹോം പദ്ധതിയുമായി സഹകരണവകുപ്പ്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സഹകരണവകുപ്പും വീടുകൾ നിർമിച്ചു നൽകാൻ രംഗത്തെത്തിയത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ എട്ടിനു വൈകിട്ട് 3.30ന് കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് – കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് – കൽപ്പറ്റ നഗരസഭ അദ്ധ്യക്ഷർ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിൽ വീടുനഷ്ടപ്പെട്ട 84 പേർക്കാണ് ‘കെയർ ഹോം’ പദ്ധതിയിലൂടെ വീടുകൾ ലഭിക്കുക. ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനുള്ള തുക സഹകരണ വകുപ്പ് കണ്ടെത്തും.
വീടുകൾ നിർമിക്കുന്ന സ്ഥലത്തെ സഹകരണ സംഘങ്ങൾക്കാണ് ഭവന നിർമാണ ചുമതല. ഇതിനായി 36 പ്രാദേശിക സംഘങ്ങളെ ചുമതലപ്പെടുത്തി. പ്രാദേശിക സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താത്പര്യം, സാമ്പത്തികസ്ഥിതി എന്നിവയ്ക്കനുസരിച്ചാവും വീടിന്റെ പ്ലാനും, എസ്റ്റിമേറ്റും. 2019 മാർച്ച് പത്തിനകം പൂർത്തീകരിച്ച് മുപ്പതിനുള്ളിൽ താക്കോൽ കൈമാറുകയാണ് ലക്ഷ്യം. ജില്ലാതല നിർവഹണ സമിതിയിൽ ജില്ലാ കളക്ടർ ചെയർമാനും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ കൺവീനറുമാണ്. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, സഹകരണ ഓഡിറ്റ് ജോയിന്റ് രജിസ്ട്രാർ, സഹകരണവകുപ്പ്് ഡെപ്യൂട്ടി രജിസ്ട്രാർ, ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പാൾ, രണ്ടു സംഘം പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ജില്ലാതല യോഗം ചേർന്നു. നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാൻ താലൂക്ക് അടിസ്ഥാനത്തിൽ മൂന്നു പേരടങ്ങുന്ന സാങ്കേതിക സമിതി രൂപീകരിക്കണമെന്നു കളക്ടർ നിർദേശിച്ചു. സർക്കാർ സർവീസിൽ നിന്നു വിരമിച്ച സാങ്കേതിക വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തും. യോഗത്തിൽ എഡിഎം കെ. അജീഷ്, ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി. റഹീം, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ചന്ദ്രൻ കൊയ്‌ലോടൻ, പി.വി. സഹദേവൻ, സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ കൃഷ്ണദാസൻ, എൻജിനീയറിങ് കോളജ് പ്രിൻസിപ്പാൾ അബ്ദുൽ ഹമീദ് എന്നിവർ പങ്കെടുത്തു.