തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂര്‍ത്തിയായി. ജില്ലയിൽ 3988 ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലികൾക്കായി വിന്യസിപ്പിച്ചത്. പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍ എന്നിവരെ നിശ്ചയിക്കുന്ന റാന്‍ഡമൈസേഷനാണ് നടന്നത്. പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായി. ജില്ലയിലെ 828 പോളിങ് ബൂത്തുകളിലേക്കും നാല് പേരടങ്ങുന്ന പോളിങ് ടീമിനെ രൂപീകരിച്ചു. തിരഞ്ഞെടുത്ത ജീവനക്കാരിൽ ഇരുപത് ശതമാനം പേരെ റിസർവ് ആയി ക്രമീകരിക്കും.

ഉദ്യോഗസ്ഥര്‍ ഡിസംബർ ആറ് മുതൽ പോസ്റ്റിങ്‌ ഓർഡർ കൈപ്പറ്റണം. edrop.sec.kerala.gov.in വെബ്‍സൈറ്റിൽ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. അതത് സ്ഥാപനങ്ങളുടെ ലോഗിനിൽ നിന്നും പോസ്റ്റിങ് ഓര്‍ഡര്‍ ലഭിക്കും. കളക്ടറേറ്റ് എന്‍.ഐ.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റാന്‍ഡമൈസേഷനില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, ഇ-ഡ്രോപ് നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ. ദേവകി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, ഇ-ഡ്രോപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ വി.കെ. ഷാജി, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജസീം ഹാഫിസ് എന്നിവര്‍ പങ്കെടുത്തു.