തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീപ്പ് കേരള എന്നിവ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് സഹായി ഇലക്ഷന്‍ ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ് ബിജുവിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു.

ലീപ് കേരളയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇലക്ഷന്‍ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം, ഹരിതചട്ടം, തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍, വോട്ടര്‍ പട്ടികയുടെ കണക്ക്, 2025 ൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം, മാധ്യമങ്ങൾക്കുള്ള പൊതുനിർദ്ദേശം, തിരഞ്ഞെടുപ്പ് സാമഗ്രി സ്വീകരണ, വിതരണ കേന്ദ്രങ്ങൾ തുടങ്ങി ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളാണ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ എഡിഎം ആശാ സി എബ്രഹാം, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ്, ദേശീയപാത സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ (എൽഎ) ഡി സി ദിലീപ് കുമാർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിൻസ് സി തോമസ്, തദ്ദേശ വകുപ്പ് അസി. ഡയറക്ടര്‍ സന്തോഷ് മാത്യു, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് പി എ ഗ്ലാഡ്വിൻ തുടങ്ങിയവര്‍ പങ്കെടുത്തു.