തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഇടമലക്കുടിയിലെ പോളിംഗ് ബൂത്തുകള്‍  ഇടുക്കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. ദിനേശന്‍ ചെറുവാട്ട് സന്ദര്‍ശിച്ചു. സബ് കളക്ടര്‍മാരായ അനൂപ് ഗാര്‍ഗ്, വി. എം ആര്യന്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു. പരപ്പയാര്‍കുടി ഉള്‍പ്പടെയുളള 14 ബൂത്തുകളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയ കളക്ടര്‍ പ്രദേശവാസികളുമായും സംസാരിച്ചു.  കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ചാണ് സംഘം സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെത്തിയത്.

ഡീലിമിറ്റേഷനു ശേഷം രൂപീകരിച്ച കവക്കാട്ടുകുടി വാര്‍ഡ് കൂടി ചേര്‍ത്ത് ഇപ്പോള്‍ 14 വാര്‍ഡുകളാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്. 14 വാര്‍ഡുകളും പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്.
893 സ്ത്രീവോട്ടര്‍മാരും 910 പുരുഷ വോട്ടര്‍മാരുമാണുള്ളത്. 20 സ്ത്രീകളും 21 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. മീന്‍കുത്തികുടി,നൂറാടികുടി, പരപ്പയാര്‍കുടി, തെക്കേഇഡലിപ്പാറകുടി, സൊസൈറ്റികുടി, അമ്പലപ്പടികുടി, കവക്കാട്ടുകുടി എന്നീ വാര്‍ഡുകള്‍ വനിതാസംവരണമാണ്. 14 പോളിംഗ് ബൂത്തുകളിലേക്കും കൂടി ഏകദേശം 56 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്.

മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡാണ് 2010 ല്‍ ഇടമലക്കുടി ഗ്രാമപഞ്ചായത്തായി രൂപീകരിച്ചത്.