തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 76.77 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി 10 വരെയുള്ള കണക്ക് പ്രകാരം 1,603,218 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ 20,92,003 വോട്ടർമാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകൾ: 889,034 -79.13 % (ആകെ: 11,25,540)
വോട്ട് ചെയ്ത പുരുഷന്മാർ: 714,197- 74.02 % (ആകെ: 9,66,454)
വോട്ട് ചെയ്ത ട്രാൻസ്‌ജെൻഡേഴ്‌സ്: 3, 33.33% (ആകെ: 09)
ജില്ലയിൽ ത്രിതല പഞ്ചായത്തുകളിലേക്കും കോർപറേഷനിലേക്കും നഗരസഭകളിലേക്കുമായി ആകെ 5472 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ജില്ലയിലാകെ 2300 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ആന്തൂർ നഗര സഭയിലെ അഞ്ച് വാർഡുകളിൽ എതിരില്ലാതെ തിരഞ്ഞെടുപ്പ് നടന്നു. സെൻസിറ്റീവ് ബൂത്തുകളായ 1025 ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിരുന്നു. കൂടാതെ സ്ഥാനാർഥികളുടെ അപേക്ഷ പ്രകാരവും കോടതി ഉത്തരവ് പ്രകാരവും 173 പോളിംഗ് സ്റ്റേഷനുകളിൽ കൂടി വീഡിയോഗ്രഫി സൗകര്യം ഏർപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ കലക്ടറേറ്റിൽ ഒരുക്കിയ കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിച്ചു.
വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനുകളിൽ മോക് പോളിംഗ് നടന്നു. തുടർന്ന് രാവിലെ എഴ് മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറുമണിയോടെ വോട്ടെടുപ്പ് അവസാനിച്ചെങ്കിലും ക്യൂവിലുള്ളവർക്കായി ചില സ്ഥലങ്ങളിൽ വോട്ടെടുപ്പ് നീണ്ടു.
ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ പോളിംഗ്
1. പയ്യന്നൂർ: 79.71%
2. കല്യാശ്ശേരി: 76.27%
3. തളിപ്പറമ്പ്: 78.27%
4. ഇരിക്കൂർ: 76.39%
5. കണ്ണൂർ: 73.47%
6. എടക്കാട്: 77.76%
7. തലശ്ശേരി: 78.79%
8. കുത്തുപറമ്പ്: 78.47%
9. പാനൂർ: 77.34%
10. ഇരിട്ടി: 77.95%
11. പേരാവൂർ: 77.2%
കണ്ണൂർ കോർപ്പറേഷനിലെ പോളിംഗ് 70.33%
ജില്ലയിലെ എട്ട് നഗരസഭകളിലെ 298 വാർഡുകളിലായി 891 സ്ഥാനാർഥികളാണ് (464 വനിതകൾ, 427 പുരുഷൻമാർ) ജനവിധി തേടിയത്.
നഗരസഭകളിലെ പോളിംഗ്
1. തളിപ്പറമ്പ്: 76.29%
2. കൂത്തുപറമ്പ്: 79.04%
3. പയ്യന്നൂർ: 80.7%
4. തലശ്ശേരി: 72.68%
5. ശ്രീകണ്ഠാപുരം: 74.4%
6. പാനൂർ: 70.8%
7. ഇരിട്ടി: 83.04%
8. ആന്തൂർ: 87.82%
