എസ് ഐ ആർ കരട് വോട്ടര്‍ പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ അരുൺ കെ വിജയൻ അറിയിച്ചു. ചേംബറിൽ ചേർന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം എന്യൂമറേഷൻ ഫോറം നല്‍കുന്നതിനുളള അവസാന തിയ്യതി ഡിസംബർ 18 ആണ്. കരട് വോട്ടര്‍ പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കും. ഡിസംബർ 23 മുതൽ ജനുവരി 22 വരെ ആക്ഷേപങ്ങളും അവകാശവാദങ്ങളും ഉന്നയിക്കാം. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.
ജില്ലയിൽ 1330 പോളിങ്ങ് സ്റ്റേഷനുകളിൽ എ എസ് ഡി ലിസ്റ്റുമായി ബന്ധപ്പെട്ട ബി എൽ ഒ- ബി എൽ എ യോഗങ്ങൾ നടന്നിട്ടുണ്ട്. ബാക്കിയുള്ള പോളിങ്ങ് സ്റ്റേഷനുകളിൽ ഡിസംബർ 17 ന് മുന്‍പ് യോഗം പൂർത്തീകരിക്കാനും ബി.എൽ.ഒ മാരുടെ കൈവശമുള്ള എ എസ് ഡി ലിസ്റ്റ് (ആബ്സന്റ്, ഷിഫ്റ്റ്, ഡിലീറ്റ്) പരിശോധിക്കുവാന്‍ ബൂത്ത് ലെവല്‍ ഏജന്റ്മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനും എല്ലാവിധ സഹകരണവും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. തുടർന്ന് നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള എ എസ് ഡി ലിസ്റ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ക്ക് കൈമാറി.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ ബിനി, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായ കെ.വി ശ്രുതി, മിനിമോള്‍, സി.എം ലതാദേവി, എ.കെ അനീഷ്, ഇലക്ഷന്‍ സൂപ്രണ്ട് കെ ജയരാജ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എം. ഗോപിനാഥന്‍, അഡ്വ. എം.പി മുഹമ്മദ് അലി, പി.കെ.ശ്രീകുമാര്‍, എം. പ്രകാശന്‍, അഡ്വ.പി. അജയകുമാര്‍, സാദിഖ് കെ.എസ്, അബ്ദുള്‍ സക്കീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
