കൊല്ലം ജില്ലയിലെ 1, 19,193 കാലികളെ രോഗവിമുക്തമാക്കും
ജില്ലയിലെ കാലിസമ്പത്തിനെ സാംക്രമിക രോഗ വിമുക്തമാക്കാനുള്ള കുത്തിവെയ്പ്പ് പത്തനാപുരം ഗാന്ധിഭവനിൽ നിന്നാരംഭിച്ചു.
കുളമ്പുരോഗം, ചർമ്മ മുഴ രോഗം എന്നിവയ്ക്കെതിരെയുള്ള വാക്സിനേഷൻ ക്യാമ്പയിൻ 30 പ്രവൃത്തിദിവസങ്ങളിലായി ജില്ലയിൽ നടക്കും.
ദേശീയ ജന്തുരോഗ നിർമ്മാർജന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. കറവപ്പശുക്കൾ പശുക്കിടാങ്ങൾ, പോത്ത്, എരുമ എന്നിവ ഉൾപ്പെടെ 1,19,193 കാലികളെയാണ് കുത്തിവെയ്പ്പിന് വിധേയമാക്കുന്നത്.
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തിയാണ് കാലികൾക്ക് വാക്സിനേഷൻ നൽകുന്നത്. ഇതിനായി ജില്ലയിൽ 140 സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. കുത്തിവെയ്പ്പ് നൽകിയ കാലികളുടെ കാതിൽ പ്രത്യേക ടാഗ് ഘടിപ്പിക്കും. പ്രതിരോധ കുത്തിവെയ്പ് പൂർണമായും സൗജന്യമാണ്.
പത്തനാപുരം ഗാന്ധിഭവനിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അധ്യക്ഷനായി. ചെയർപേഴ്സൺ ഷാഹിദ കമാൽ, ചീഫ് വെറ്ററിനറി ഓഫീസർ ഡേ. രമ. ജി ഉണ്ണിത്താൻ, ഡെപൂട്ടി ഡയറക്ടർ ഡോ. ഷീബ പി. ബേബി, ഡോ. സിന്ധു കെ. എസ്, ഡോ. എസ് ദീപതി, ഡോ. വീണ എന്നിവർ സംസാരിച്ചു.
