പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക (SIR ) പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലയിലെ എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റൈസേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ജില്ലാതല രാഷ്ട്രീയ കക്ഷി യോഗത്തിലാണ് ജില്ല കളക്ടര്‍ അറിയിച്ചത്. നിലവില്‍ ജില്ലയിലെ 92% വോട്ടര്‍മാരെയും 2002-ലെ വോട്ടര്‍പട്ടികയുമായി മാപ്പ് ചെയ്തുകഴിഞ്ഞു. ബാക്കിയുള്ള 8% പേരുടെ വിവരങ്ങള്‍ കൂടി മാപ്പ് ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്, ഇതിനായി രാഷ്ട്രീയ കക്ഷികളുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി എന്യൂമറേഷന്‍ ഫോമുകള്‍ ഡിസംബര്‍ 18-ന് മുന്‍പായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പക്കല്‍ എത്തിക്കുന്നതിനും രാഷ്ട്രീയ കക്ഷികള്‍ സഹകരിക്കണമെന്ന് യോഗം അറിയിച്ചു. മരണപ്പെട്ടവര്‍, സ്ഥിരമായി സ്ഥലത്തില്ലാത്തവര്‍, മാറിപ്പോയവര്‍ തുടങ്ങിയവര്‍ക്ക് പുറമെ ഇരട്ടിപ്പ് കണ്ടെത്തിയ 11,000 കേസുകളും പട്ടികയില്‍ നിന്നും നീക്കം ചെയ്ത് വോട്ടര്‍പട്ടിക പൂര്‍ണ്ണമായി ശുദ്ധീകരിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.

2002-ലെ വോട്ടര്‍പട്ടികയുമായി മാപ്പ് ചെയ്യാന്‍ കഴിയാത്ത വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുമെന്ന രാഷ്ട്രീയ പ്രതിനിധികളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരക്കാരുടെ പേരും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഡിസംബര്‍ 23-ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ഇവര്‍ പിന്നീട് ഹിയറിംഗിന് ഹാജരായി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ മുന്‍പാകെ മതിയായ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനുമായി ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അര്‍ഹരായ മുഴുവന്‍ ആളുകളും ഈ അവസരം വിനിയോഗിക്കണമെന്ന് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഫെബ്രുവരി 21-ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (BLO) സേവനത്തെ പ്രശംസിക്കുകയും ചെയ്തു. വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ എല്ലാവിധ സഹകരണവും രാഷ്ട്രീയ കക്ഷികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി. എ ടോംസ്, കെ. കിഷോർ, ഷംന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.