പിന്നാക്ക വിഭാഗത്തിലെ യുവതീ- യുവാക്കൾക്ക് സൗജന്യ ഡ്രൈവിങ് പരിശീലന പദ്ധതിയുമായി ജില്ലാ ജനമൈത്രി പോലീസ്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിര്‍വഹിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്ന് നിൽക്കുന്നവരെ സംരക്ഷിക്കേണ്ടതും അവരുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കേണ്ടതും പോലീസിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കും എപ്പോൾ വേണമെങ്കിലും സഹായത്തിനായി പോലീസിനെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂ ഓസ്‌കാർ ഡ്രൈവിങ് സ്‌കൂളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നിന്ന് പോലീസ് തിരഞ്ഞെടുത്ത യുവതീ-യുവാക്കൾക്കാണ് ഡ്രൈവിങ് പരിശീലനം നൽകുന്നത്. ജില്ലാ അഡീഷണൽ എസ്.പി ഇൻ ചാർജ് എം.എം അബ്ദുൾ കരീം അധ്യക്ഷനായ പരിപാടിയിൽ ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം ശശിധരൻ, സബ് ഇൻസ്പെക്ടർ കെ മോഹൻദാസ്, കൽപ്പറ്റ എസ്.എച്ച്.ഒ എ.യു ജയപ്രകാശ്, കൽപ്പറ്റ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എം.വി.ഐ അജിൽകുമാർ, ന്യൂ ഓസ്കാർ ഡ്രൈവിങ് സ്കൂൾ പ്രൊപ്രൈറ്റർ പ്രകാശൻ എന്നിവർ പങ്കെടുത്തു.