ശബരിമല: കാലപ്പഴക്കമുള്ള അരവണ വിറ്റു എന്നപേരില്‍ ജനംടീവി പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതവും ദുരൂഹത ഉളവാക്കുന്നതുമാണെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍ പറഞ്ഞു. 08-12-17 തിയ്യതിയില്‍ പാക്ക്‌ചെയ്ത 37നമ്പര്‍ ബാച്ച് അരവണ ടിന്‍ ദേവസ്വംകൗണ്ടറില്‍ നിന്നും വിറ്റ ബള്‍ക്ക് പായ്ക്കറ്റില്‍ ഉള്‍പ്പെടുന്നൂവെന്നാണ് നിലമ്പൂര്‍ ചുങ്കത്തറ വാരോത്ത്‌വീട്ടില്‍ ശിവശങ്കരന്റെ മകന്‍ രാധാകൃഷ്ണന്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ പരാതി. നിലമ്പൂര്‍ ചെമ്പ്രറേരി വീട്ടില്‍ ശ്രീധരന്റെ മകന്‍ രാജേഷാണ് അരവണപായ്ക്കറ്റ് വാങ്ങിയതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ദേവസ്വംബോര്‍ഡ് ശബരിമലയിലെ കൗണ്ടറുകളിലൂടെ 10-11-2018ല്‍ തയ്യാറാക്കിയ 10, 11 ബാച്ചുകളില്‍പ്പെട്ട അരവണയാണ് വില്‍ക്കുന്നതെന്നും ഇന്നുവരെ 25 ബാച്ച് വരെയുള്ള അരവണടിന്നുകളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
മെഷീന്‍ നമ്പരിങ് സംവിധാനംവഴി ചെയ്ത് വില്‍പ്പനയ്‌ക്കെത്തിക്കുന്ന അരവണപായ്ക്കുകളില്‍ കഴിഞ്ഞവര്‍ഷത്തെ അരവണടിന്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്നും കഴിഞ്ഞതവണ തയ്യാറാക്കിയ അരവണ മുഴുവന്‍ മകരവിളക്ക് സമയത്തും തുടര്‍മാസപൂജാസമയത്തും വിറ്റു തീര്‍ത്തുവെന്നും അരവണ സ്‌പെഷ്യല്‍ ഓഫീസര്‍ പി. ദിലീപ്കുമാര്‍ പറഞ്ഞു. ഈ പരാതി സംബന്ധിച്ച് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, സ്റ്റേറ്റ് വിജിലന്‍സ്, ദേവസ്വം വിജിലന്‍സ് എന്നിവര്‍ അരവണ കൗണ്ടറുകള്‍, പ്രൊഡക്ഷന്‍, പാക്കിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി പരാതിയിലെ ആരോപണം സത്യവിരുദ്ധവും ദുരൂഹവുമാണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.
ശബരിമല ക്ഷേത്രത്തേയും അയ്യപ്പഭഗവാന്റെ മുഖ്യപ്രസാദമായ അരവണേയും കുറിച്ച് തെറ്റിധാരണജനകവും അപകീര്‍ത്തികരവുമായ പരാതി നല്‍കിയ പരാതിക്കാരനെതിരെ നിയമനടപടികള്‍ കൈകൊള്ളുമെന്നും ഇതുസംബന്ധിച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സന്നിധാനം പോലിസില്‍ പരാതി നല്‍കുമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.