ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ക്ഷയ രോഗ നിര്‍മാര്‍ജനത്തിന്റ ഭാഗമായി മൈ ഭാരത് വൊളന്റിയര്‍ ക്യാമ്പയിന് തുടക്കമായി. വട്ട്‌ലക്കി ഉന്നതിയില്‍ നടന്ന പരിപാടി ചൊറിയ മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. ക്ഷയ രോഗികള്‍ക്ക് വേണ്ടി ബോധവല്‍ക്കരണം, കൗണ്‍സലിങ്, മാനസിക പിന്തുണ എന്നിവ നല്‍കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. 2030 ഓടെ ക്ഷയരോഗം ഉന്മൂലനം ചെയുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. പരിപാടിയില്‍ ഷോളയൂര്‍ പഞ്ചായത്തിലെ മുന്‍വര്‍ഷങ്ങളില്‍ ക്ഷയരോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഉന്നതികളിലും, പ്രദേശങ്ങളിലും ക്യാമ്പയിന്‍ തുടരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.വിശാഖ് ആര്‍ പറഞ്ഞു. ക്ഷയരോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഉന്നതിക്കളില്‍ CY-TB ടെസ്റ്റ് (ക്ഷയരോഗ അണുക്കളെ കണ്ടെത്തുന്ന ടെസ്റ്റ്) സംഘടിപ്പിക്കും. രോഗികള്‍ക്ക് നിക്ഷയ് മിത്ര ന്യൂട്രിഷന്‍ കിറ്റ് വിതരണം ചെയ്യും. 10 പേരെ വൊളന്റിയര്‍ ആയി തിരഞ്ഞെടുത്ത്് വരും ദിവസങ്ങളില്‍ ട്രെയിനിങ് നല്‍കും.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് എസ് കാളിസ്വാമി അധ്യക്ഷനായ പരിപാടിയില്‍ അട്ടപ്പാടി ടിബി യൂണിറ്റ് സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ ശരണ്യ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ഉമ, ആശ വര്‍ക്കര്‍ നഞ്ചമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.