പുനരുത്ഥാനത്തിന്റെ പ്രത്യാശയുടെ സന്ദേശവുമായി ഇടുക്കി ജില്ലാ ശുചിത്വ മിഷന്‍ ‘റീബോണ്‍’ എന്ന പേരില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് തയ്യാറാക്കിയ ക്രിസ്മസ് ട്രീ ശ്രദ്ധാകേന്ദ്രമാകുന്നു.മാലിന്യത്തില്‍ നിന്നും കലാസൃഷ്ടി (വേസ്റ്റ് റ്റു ആര്‍ട്ട്) എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് ഇടുക്കി സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് കുരിശുപള്ളിക്ക് സമീപം ജില്ലാ ശുചിത്വമിഷന്‍ കാര്യാലയത്തിന് മുന്‍പിലായി കുപ്പി മരം ഒരുക്കിയത്.
നാലുമീറ്റര്‍ ഉയരത്തില്‍ അതിമനോഹരമായ ട്രീ കണ്ടാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ കാഴ്ചക്കാര്‍ക്ക് മനസ്സിലാകില്ല. അലക്ഷ്യമായി വലിച്ചെയറിയപ്പെട്ടതും ഹരിത കര്‍മ്മ സേന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ചതുമായ പച്ചനിറത്തിലുള്ള സ്പ്രൈറ്റ്, സെവന്‍ അപ്,തംപ്സ് അപ് കുപ്പികള്‍ ആണ് കുപ്പി മര നിര്‍മ്മാണത്തിനായി കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് . അഞ്ചു ലിറ്ററിന്റെയും, ഒരു ലിറ്ററിന്റെയും കുടിവെള്ള കുപ്പികളും ഉപയോഗിച്ചിട്ടുണ്ട്.
വെള്ളത്തൂവല്‍ ഇരട്ടയാര്‍ പഞ്ചായത്തുകളിലെ എം സി എഫുകളില്‍ നിന്നും ഹരിത കര്‍മ്മ സേന ശേഖരിച്ചു സംഭരിച്ചിരുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ജില്ലാ ശുചിത്വ മിഷന്‍ ഏറ്റെടുത്തിട്ടാണ് കുപ്പിമരം നിര്‍മ്മിച്ചത്. ആറായിരത്തില്‍ അധികം പ്ലാസ്റ്റിക്ക് കുപ്പികള്‍ ഇലയുടെ ആകൃതിയില്‍ മുറിച്ചെടുത്താണ് കുപ്പി മരത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ട്രീയുടെ ഫ്രെയിം നിര്‍മ്മാണത്തിനായി സമീപ പ്രദേശങ്ങളിലെ ആക്രി കടകളില്‍ നിന്നും പഴയ ഇരുമ്പു കമ്പികളും മറ്റും ശേഖരിച്ചു അവ ഉപയോഗിച്ചു. പ്ലാസ്റ്റിക്ക് കുപ്പികളുടെ ചുവടു ഭാഗം മുറിച്ചെടുത്ത് അവ ഉപയോഗിച്ചു നിര്‍മ്മിച്ച സാന്ത ക്ളോസിന്റെ വടിയാണ് കുപ്പിമരത്തിന്റെ മറ്റൊരു ആകര്‍ഷണം. കുപ്പി മരത്തിനുളളില്‍ തറയില്‍ നിറയെ ഉണങ്ങിയ പുല്ല് വിരിച്ചിട്ടുണ്ട്.
ഉള്‍ഭാഗത്തു തയ്യാറാക്കിയിരിക്കുന്ന പുല്‍ക്കൂടിനു സമീപം നിന്ന് ആളുകള്‍ക്ക് ഫോട്ടോ എടുക്കാനുള്ള സ്ഥല സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുപ്പിയുടെ അടപ്പുകള്‍, ചുവട് എന്നിവ കൊണ്ട് തയ്യാറാക്കി നിറം പകര്‍ന്ന അലങ്കാരബോളുകളും കുപ്പിമരത്തിനു പകിട്ട് ഏകുന്നു. ജില്ലാശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ , യങ് പ്രൊഫെഷനലുകള്‍, എന്നിവര്‍ ചേര്‍ന്ന് ആര്‍ട്ടിസ്റ്റായ ശ്രീജയകൃഷ്ണന്റെ സഹായത്തോടെ ആറുദിവസത്തെ പരിശ്രമത്തിലൂടെയാണ് കുപ്പിമരം പൂര്‍ത്തീകരിച്ചത്. കുപ്പിമരത്തിന്റെ പ്രവേശന കവാടം പച്ചനിറത്തിലുള്ള പഴയ ഓസിന്റെ കഷ്ണം റിബ്ബണ്‍ ചുറ്റി ആകര്‍ഷകമാക്കിയിരിക്കുന്നു.
കവാടത്തിനിരുവശവും സ്ഥാപിച്ചിരിക്കുന്ന സാന്ത ക്ളോസിന്റെ വടികള്‍ക്കു ചുവട്ടിലായി അഞ്ചു ലിറ്റര്‍ വാട്ടര്‍ ബോട്ടിലുകള്‍ കൊണ്ട് തയാറാക്കിയ സമ്മാന പൊതികളും വച്ച് അലങ്കരിച്ചിട്ടുണ്ട്. നക്ഷത്രം നിര്‍മ്മിച്ചിരിക്കുന്നത് ഈറ്റ, തയ്യല്‍ക്കാരില്‍ നിന്നും ശേഖരിച്ച തുണിക്കഷ്ണങ്ങള്‍, കുപ്പിയുടെ ചുവടു ഭാഗം എന്നിവ ഉപയോഗിച്ചാണ്. പുല്‍ക്കൂടിനുളിലെ ക്രിബ് സെറ്റും നിറം മങ്ങി കാലപ്പഴക്കം കൊണ്ട് ഉപേക്ഷിച്ചവയെ പുനരുപയോഗിച്ചതാണ്. ക്രിസ്തുമസ് പുതുവത്സര ആശംസകളിലുമുണ്ട് പുതുമ . മുന്‍പ് ജില്ലാശുചിത്വമിഷന്‍ ചെറുതോണിയില്‍ നടന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക എക്സിബിഷന് വേണ്ടി ഉപയോഗിച്ച തഴപ്പായില്‍ തയ്യാറാക്കിയ ബോര്‍ഡില്‍ കുപ്പിയുടെ അടപ്പുകള്‍ ഉപയോഗിച്ചാണ് ആശംസകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇത്തരത്തില്‍ മുഴുവനായും പുനരുപയോഗത്തിന്റെ നേര്‍സാക്ഷ്യമാകുന്നു. മാലിന്യമെന്നു മുദ്രകുത്തിയ കുപ്പികള്‍ക്കും പാഴ്വസ്തുക്കള്‍ക്കും പുതുജീവന്‍ നല്‍കി വേറിട്ട പുനരുത്ഥാന സന്ദേശം പങ്കുവയ്ക്കുകയാണ് ഇടുക്കി ജില്ലാ ശുചിത്വ മിഷന്‍ .ഇടുക്കി സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ഫാദര്‍ സിജോ മേക്കുന്നേല്‍ ”റീബോണ്‍” ക്രിസ്മസ് ട്രീ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീലാല്‍ എസ്, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, സമീപവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
