ക്രിസ്മസ്-പുതുവത്സരവേളയില്‍ ലഹരി വ്യാപനം തടയാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തങ്ങള്‍ കൂടുതല്‍വിപുലീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്. ജില്ലാതല ചാരായനിരോധന ജനകീയ നിരീക്ഷണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ അവധികാലത്ത് സ്‌കൂള്‍പരിസരം കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനം തടയാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്നും അറിയിച്ചു. പുതിയ പഞ്ചായത്ത് സമിതികള്‍ ചുമതലയേറ്റെടുത്ത പശ്ചാത്തലത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണം പഞ്ചായത്ത്തലത്തില്‍ സുശക്തമാക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. ബോധവത്കരണ പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കാന്‍ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തും.
നെടുങ്ങോലം ഡി-അഡിക്ഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ ഒഴിവു നികത്തുന്നത് പരിഗണിക്കും. മണ്‍റോതുരുത്തില്‍ സ്വകാര്യ റിസോര്‍ട്ടുകള്‍ ചാരായം നിര്‍മിക്കുന്നുവെന്ന പരാതി പരിശോധിക്കുകയാണ്. മലയോരമേഖകളില്‍ നിരീക്ഷണം ശക്തമാക്കും. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളില്‍ പോലീസ്-എക്സൈസ് വകുപ്പുകളുടെ പരിശോധന കര്‍ശനമാക്കും.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം നൗഷാദ്, സമിതി അംഗങ്ങളായ കുരീപ്പുഴ ഷാനവാസ്, എന്‍ പി ഹരിലാല്‍, കുരീപ്പുഴ വിജയന്‍, പരിമണം ശശി, പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍, തൊടിയില്‍ ലുക്ക്മാന്‍, പോലീസ്, എക്സൈസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
