ഉത്സവകാലത്തെ വിലനിയന്ത്രണത്തിന് കണ്‍സ്യൂമര്‍ഫെഡും പൊതുവിതരണ വകുപ്പും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെന്നു ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. തൃക്കണ്ണമംഗല്‍ കൊട്ടാരക്കര മുനിസിപ്പല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ്-പുതുവത്സര സഹകരണവിപണിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സബ്‌സിഡികള്‍ വിപുലീകരിച്ചു. ഭക്ഷ്യഉല്പാദനത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങളേക്കാള്‍ വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കൊട്ടാരക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീനാ ഉമ്മന്‍ അദ്ധ്യക്ഷയായി. ആദ്യവില്പന മന്ത്രി നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വിപണിയിലും 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് ക്രിസ്മസ്-പുതുവത്സര വിപണനം. ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങള്‍ സര്‍ക്കാര്‍സബ്‌സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനംവരെ വിലക്കുറവില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കും. വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണയും ലഭ്യമാണ്. ജനുവരി ഒന്ന് വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുക. മറ്റു ഉല്‍പന്നങ്ങള്‍ക്കും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും ഓഫറില്‍ ലഭ്യമാകും.

കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ എന്നിവയും ക്രിസ്മസ്, പുതുവത്സര കേക്കുകളും വിലക്കുറവില്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് മുഖേനയാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.

കൊട്ടാരക്കര അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ പി. കെ.ജോണ്‍സണ്‍, കാപക്സ് ഡയറക്ടര്‍ സി. മുകേഷ്, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍. ജി. ത്യാഗരാജന്‍, കൊട്ടാരക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ ബി. രാമകൃഷ്ണപിള്ള, മുനിസിപ്പല്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് അജി മാത്യൂ, കണ്‍സ്യൂമര്‍ ഫെഡ് റീജിയണല്‍ മാനേജര്‍ ഐ. ലൈലാമോള്‍, കൊട്ടാരക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ അനിതാ ഗോപന്‍, കണ്‍സ്യൂമര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ആര്‍. ശ്യാം, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം സുന്ദരേശന്‍, കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ എം സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.