ജപ്പാനീസ് എന്‍സഫലൈറ്റിസ് (ജപ്പാന്‍ ജ്വരം) പടരാതിരിക്കാനുള്ള പ്രവർത്തനം ശക്തമാക്കാൻ ജില്ലാ കളക്ടർ വി.ആർ. വിനോദിൻ്റെ അധ്യക്ഷതയിൽ ചേർന്ന മത സംഘടനാ നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണം നടത്താനും ജനുവരിയിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വാക്സിൻ വിതരണത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്താനും തീരുമാനിച്ചു.
കൊതുകുകള്‍ വഴി പകരുന്ന ഗുരുതര വൈറസ് രോഗമാണ് ജപ്പാനീസ് എന്‍സഫലൈറ്റിസ്. തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗാവസ്ഥയാണിത്. ഒന്നു മുതൽ 15 വരെ വയസ്സുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. തീവ്രമായ പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചികിത്സയില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ മാർഗം വാക്സിന്‍ നൽകുക എന്നതാണ്. ഒന്ന് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുക. സ്കൂളുകൾ, അങ്കണവാടികൾ, പ്രീ സ്കൂൾ എന്നിവ കേന്ദ്രീകരിച്ചാണ് വാക്സിൻ നൽകുന്നത്. വിലകൂടിയ വാക്സിന്‍ സൗജന്യമായി നല്‍കുന്ന പരിപാടി ജനുവരിയിൽ ആരംഭിക്കും.
കൊതുകു വളരുന്നതിനുള്ള സാഹചര്യം തടയുക, വീടിനകത്തും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍
അനുവദിക്കരുത്, കൊതുകുവല, കൊതുകിനെ അകറ്റുന്നതിനുള്ള ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കുക, പരിസര ശുചിത്വം പാലിക്കുക, കുട്ടികള്‍ക്ക് നിര്‍ദ്ദേശിച്ച വാക്സിനുകള്‍ യഥാസമയം നല്‍കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷിബുലാൽ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി. ഷുബിൻ, ജില്ലാ ആർ.സി. എച്ച് ഓഫീസർ ഡോ. പമീലി, ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ കെ.പി സാദിഖ് അലി, സംഘടന പ്രതിനിധികളായ പി.കെ.മുസ്തഫ, പി.കെ അബ്ദുൽ ഹക്കീം, ടി. സുധീറലി, പി.പി. നൗഫൽ, ഇസ്മാഈൽ, പി.സി. മൻസൂർ, കെ. മുഹമ്മദ്കുട്ടി ഫൈസി ആനമങ്ങാട്, എൻ. കെ. അബ്ദുൽ അസീസ്, എം. അബ്ദുറഹ്മാൻ, സി. എച്ച്. അബ്ദുല്ല എന്നിവർ പങ്കെടുത്തു.
