മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡിഎസ്സിി) സെന്ററും 122 ടെറിട്ടോറിയൽ ആർമി ബറ്റാലിയനും സന്ദർശിച്ചു. രാവിലെ 8.30ഓടെ ഡിഎസ്സിയിലെത്തിയ മുഖ്യമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് കേന്ദ്രത്തിലെ നവീകരിച്ച കാന്റീൻ, ആർമി പബ്ലിക് സ്കൂൾ, ആർമി സ്കൂൾ എന്നിവ സന്ദർശിച്ചു. ഇവിടെയൊരുക്കിയ ചായ സൽക്കാരത്തിൽ സൈനികരുമൊത്ത് ഫോട്ടോയെടുത്ത മുഖ്യമന്ത്രി, പ്രളയമുഖത്ത് ഡിഎസ്സി നടത്തിയ രക്ഷാദൗത്യങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കുമുള്ള അനുമോദനപത്രം സെന്റർ കമാന്റന്റ് അജയ് ശർമയ്ക്കു കൈമാറി.

പ്രളയ മുഖത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മാതൃകാപരമായ നേതൃത്വമാണ് ദുരിതത്തിന്റെ ആഘാതം കുറച്ചതെന്ന് കമാന്റന്റ് പറഞ്ഞു. ദുരിതാശ്വാസ-രക്ഷാ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സൈനികർക്ക് സഹായകമായത് ഈ നേതൃത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് 122 ടിഎ ബറ്റാലിയൻ സന്ദർശിച്ച മുഖ്യമന്ത്രിയെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സുബേദാർ വിനോദ് കണ്ണോത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രളയവേളയിൽ ടിഎ നടത്തിയ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അനുമോദന പത്രവും മുഖ്യമന്ത്രി കൈമാറി.