സംസ്ഥാന ടൂറിസം വകുപ്പ് ,ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ,ജില്ലാ ഭരണകൂടം, മുസ്‌രിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുതുവർഷ ആഘോഷമായ ആലപ്പുഴ ബീച്ച് ഫെസ്റ്റിന്വർണ്ണാഭമായ തുടക്കം. ആലപ്പുഴ നഗരത്തിൻ്റ വളർച്ചയിൽ വലിയ പങ്കുവഹിക്കാനുള്ള ജില്ലാ കോടതി പാലത്തിന്റെ നിർമ്മാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു.

ജില്ലയുടെ ഭാവിയിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുക ടൂറിസം മേഖലയാണ്. ഈ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകാനാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളതെന്നും അതിൻ്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 92 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴയുടെ പ്രധാന കനാലുകളുടെ ഇരു കരകളും സൗന്ദര്യവത്ക്കരണം നടത്തുന്നത്. സൈക്കിൾ ട്രാക്ക്, ഓപ്പൺ ജിം തുടങ്ങി ധാരാളം സംവിധാനങ്ങൾ കനാൽ കരകളിൽ സജ്ജമാക്കും. കടൽപ്പാലവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരവകുപ്പ് നിർമ്മാണ, പ്രവർത്തനങ്ങൾക്ക് പുതിയ രീതി അവലംബിക്കും. പാലത്തിൽ റെസ്റ്റോറന്റുകളടക്കം ഉണ്ടാകും. ടൂറിസ്റ്റുകൾക്ക് അവിടേക്ക് നടന്നുപോയി ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിൽ മനോഹരമായ വലിയ നിർമ്മാണ പ്രവർത്തനമാണ് നടത്തുക.

ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം രംഗത്ത് ഇന്ന് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കേന്ദ്രമായി ആലപ്പുഴ മാറിക്കഴിഞ്ഞു. ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ട് ആ പണി പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്ന നിലയിൽ പൂർത്തീകരിക്കാൻ കഴിയൂ. ജൂൺ, ജൂലൈ മാസത്തോടുകൂടി എൻ എച്ചിന്റെ പണി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎൽഎ പറഞ്ഞു.

ആലപ്പുഴയുടെ വിനോദ സഞ്ചാര രംഗത്ത് ഏറെ പ്രശസ്‌തമായ ആലപ്പുഴ ബീച്ച് ഫെസ്റ്റിവൽ ആഘോഷമാക്കുവാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ബീച്ചിലേക്ക് എത്തുന്നത്. വിവിധ കലാ പരിപാടികൾ, മെഗാ ഷോ, നാടൻ പാട്ട്, നൃത്തോത്സവം, മ്യൂസിക് ബാൻഡ്, പ്രദർശന-വിപണന മേള എന്നിവയുൾപ്പടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 31 നാണ് ബീച്ച് ഫെസ്റ്റ് സമാപിക്കുക.

പരിപാടിയിൽ ഡിടിപിസി എക്സിക്യൂട്ടീവ് അംഗം ഇ കെ ജയൻ അധ്യക്ഷനായി. നഗരസഭാഗം എ എം നൗഫൽ, ഡിടിപിസി സെക്രട്ടറി കെ ജി അജേഷ്, ടൂറിസം ഇൻഫർമേഷൻ ഓഫീസർ അഫ്സൽ യൂസഫ്, മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് ആലപ്പുഴ ഇൻ ചാർജ് സുബിൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.