പൈതൃകത്തെ വികലമാക്കാനും സങ്കുചിതമായ കാര്യങ്ങൾക്കായി ഉപയോഗിക്കാനും വലിയ ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവം മുണ്ടേരി മുദ്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മനുഷ്യ സ്നേഹത്തിനു പകരം വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ പൈതൃകങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്നത് ഏറെ ദു:ഖകരമായ സാഹചര്യമാണ്. സാംസ്‌കാരിക പൈതൃകങ്ങൾകൊണ്ട് സമ്പന്നമായ നാടാണ് കേരളം. അവ സംരക്ഷിച്ച് ഭാവി തലമുറയ്ക്ക് കൈമാറുകയും അവയുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുക എന്ന കർത്തവ്യമാണ് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഭാവിയെക്കുറിച്ച് ചിന്തിക്കണമെങ്കിൽ മനുഷ്യവംശത്തിന് ഏറ്റവും ആവശ്യമായത് ചരിത്രമാണ്. എല്ലാ എന്നാൽ എല്ലാം വിവാദങ്ങളാക്കി മാറ്റി വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ മഹാരഥന്മാരെ ചരിത്രത്തിൽ നിന്ന് തിരോഭൂതരാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഗാന്ധിജിയെ പോലും ചരിത്രത്തിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നതിന് ചരിത്രബോധമുള്ള കേരള സമൂഹത്തിന് കഴിയണമെന്നും മന്ത്രി പറഞ്ഞു.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജു അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ റസീന, ബ്ലോക്ക് പഞ്ചായത്ത് അംഗം രഘുനാഥ്, വാർഡ് മെമ്പർ സമീറ ടീച്ചർ, മ്യൂസിയം മൃഗശാല വകുപ്പ് സൂപ്രണ്ട് പി എസ് പ്രിയരാജൻ, പി ചന്ദ്രൻ, എം ഗംഗാധരൻ, മുണ്ടേരി ഗംഗാധരൻ, പി കെ രാഘവൻ, പി സി അഹമ്മദ് കുട്ടി, ഒ ബാലകൃഷ്ണൻ, ഷഹീർ കൊട്ടാണിചേരി, രാജേഷ് മന്ദമ്പേത്ത്, എ രാജൻ,എ പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.

തുടർന്ന് ഡോ. ആർ എൽ വി രാമകൃഷ്ണൻ അവതരിപ്പിച്ച സോദാഹരണ പ്രഭാഷണം, പുഷ്പവതി പൊയിൽ പാടത്ത് അവതരിപ്പിച്ച സംഗീതനിശ എന്നിവ അരങ്ങേറി.

പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പൈതൃകോത്സവം ജനുവരി ഒന്നു മുതൽ ആറുവരെ കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി വിവിധ കേന്ദ്രങ്ങളിലായാണ് അരങ്ങേറുന്നത്. പൈതൃകോത്സവത്തിലെ ആദ്യ പരിപാടിയാണ് മുണ്ടേരി മുദ്ര ഓഡിറ്റോറിയത്തിൽ നടന്നത്.
പൈതൃകോത്സവത്തിന്റെ ഭാഗമായി ജനുവരി രണ്ട് വെള്ളിയാഴ്ച ബര്‍ണശ്ശേരിയിലും താവക്കരയിലുമായി വിപുലമായ പരിപാടികള്‍ നടക്കും. രാവിലെ പത്ത് മണിക്ക് ബര്‍ണശ്ശേരി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് പള്ളിയില്‍ നടക്കുന്ന ചരിത്ര സെമിനാര്‍ പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 10.30 ന് ചരിത്രകാരി ഡോ. മാളവിക ബിന്നി മുഖ്യപ്രഭാഷണം നടത്തും. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ചരിത്ര സെമിനാര്‍ മടക്കും.

വൈകുന്നേരം ഏഴ് മണിക്ക് താവക്കര കന്റോന്‍മെന്റ് മൈതാനത്ത് ‘മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍ 2026’ അരങ്ങേറും. പെര്‍ഫോമിംഗ് വയലിനിസ്റ്റ് അപര്‍ണ്ണ പ്രദീപ്, സിനിമാ പിന്നണി ഗായകന്‍ അനൂപ് നാരായണന്‍, കലാഭവന്‍ മണി ഓടപ്പഴം പുരസ്‌കാര ജേതാവ് സാനിമ സതീശന്‍ എന്നിവര്‍ നയിക്കുന്ന സംഗീതവിരുന്നും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം യുവതാരങ്ങളുടെ നൃത്തവും അരങ്ങേറും. ശിങ്കാരിമേളം ട്രൂപ്പ് ‘ഏകതാളം’ അവതരിപ്പിക്കുന്ന പരിപാടിയും ഇതോടൊപ്പം ഉണ്ടായിരിക്കും.

പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂര്‍ പൈതൃകോത്സവം ജനുവരി നാല്, അഞ്ച്, ആറ് തിയ്യതികളില്‍ കണ്ണൂര്‍ നഗരത്തില്‍ വിപുലമായ പരിപാടികളോടെ നടക്കും.