കണ്ണൂർ പൈതൃകോത്സവത്തിന്റെ രണ്ടാം ദിനം ഉത്തരമലബാറിന്റെ പ്രാദേശിക ചരിത്രവും സ്ത്രീമുന്നേറ്റങ്ങളും ചർച്ച ചെയ്ത് ചരിത്ര സെമിനാർ. സെന്റ് ജോൺസ് സി.എസ്.ഐ പള്ളിയിൽ നടന്ന സെമിനാർ പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ അധ്യക്ഷത വഹിച്ചു.

പ്രാദേശിക ചരിത്രം പ്രാദേശിക വ്യാപ്തി മാത്രമുള്ളവയെണെന്നത് തെറ്റിദ്ധാരണയാണെന്നും ചരിത്രത്തിന് എന്തൊക്കെ വ്യാപ്തിയുണ്ടോ അടയാളങ്ങളുണ്ടോ അത്രയും പ്രാധാന്യം പ്രാദേശിക ചരിത്രത്തിനുമുണ്ടെന്നും കണ്ണൂർ സർവ്വകലാശാല ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.മാളവിക ബിന്നി പറഞ്ഞു. കണ്ണൂർ പൈതൃകോത്സവത്തിൽ ചരിത്ര സെമിനാറിൽ ഹെറിറ്റേജ് ആസ് ലിവിങ് ഹിസ്റ്ററി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.

പൈതൃകവും ചരിത്രവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയെങ്കിലും രണ്ടു തരത്തിൽ സമീപിക്കേണ്ടവയാണ്. ചരിത്രം എന്നത് പഠന വിധേയമാക്കുന്ന ഭൂതകാലമാണ്. നമ്മുടെ രാജ്യത്ത് ചരിത്രം എന്നത് കോളനിവാഴ്ചക്കാലത്തിന്റെ സ്വാധീനത്തിൽ നിന്ന് ഇനിയും പുറത്തുകടക്കാത്ത രേഖപ്പെടുത്തലുകളാണ്. എന്നാൽ പൈതൃകം എന്നത് ഒരു കൂട്ടം മനുഷ്യർ അവരുടെ കാലഘട്ടത്തെക്കുറിച്ച് ഉണ്ടാക്കിയെടുത്ത സ്വത്വബോധമാണ്. സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ചരിത്രം അടയാളപ്പെടുത്താനും എല്ലാവരെയും ഉൾക്കൊള്ളുന്ന കൂട്ടായ സ്വത്വബോധം പകരാനും പൈതൃകത്തിന് കഴിയും. ഇത്തരം പൊളിച്ചെഴുത്തുകളിൽ ചരിത്രം ഉണർത്തുന്ന ബോധ്യങ്ങളെ പുനർനിർമ്മിക്കാൻ കഴിയുന്നിടത്താണ് പൈതൃകം ചരിത്രത്തിലേക്ക് ഇഴചേർക്കപ്പെടുന്നതെന്നും ഡോ. മാളവിക ബിന്നി പറഞ്ഞു.

കാലടി സംസ്‌കൃത സർവ്വകലാശാല ചരിത്രവിഭാഗം മുൻ മേധാവി ഡോ.എം.ടി.നാരായണൻ, സെന്റ് ജോൺസ് സി. എസ്. ഐ പള്ളി വികാരി റവ. റെയ്മൺ വില്ല്യം, മ്യൂസിയം, മൃഗശാല വകുപ്പ് സൂപ്രണ്ട് പി. എസ്. പ്രിയരാജൻ എന്നിവർ സംസാരിച്ചു.

ചരിത്ര സെമിനാറിന്റെ ഭാഗമായി “മതം,അധികാരം,കൊളോണിയൽ ആധുനികത”, “അടയാളത്തിൽ നിന്ന് അധികാരത്തിലേക്ക് തളിപ്പറമ്പിലെ സ്ത്രീകളുടെ പ്രാതിനിധ്യം”, “വിദ്യാഭ്യാസ പരിവർത്തനനത്തിന്റെ സാമൂഹിക പ്രതിഫലനം; കണ്ണൂരിലെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ സാമൂഹികമാറ്റം”, “അധികാരവും,അനുഷ്ഠാനവും,രേഖീകരണവും ഉത്തരമലബാറിന്റെ സാംസ്‌കാരിക ചരിത്രത്തിൽ സ്വരൂപചാരത്തിനും പട്ടോലകൾക്കുമുള്ള പ്രാധാന്യം”, “കണ്ണൂരിന്റെ ശിലായുഗ പൈതൃകം”, എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ “കേരളത്തിലെ തങ്ങൾവംശത്തിന്റെ കുടിയേറ്റം- ബുഖാരി തങ്ങൾമാർ” എന്ന വിഷയത്തിൽ ചരിത്രകാരൻ ഡോ.ഹുസൈൻ രണ്ടത്താണി പ്രഭാഷണം നടത്തി. നാരായണൻ കാവുമ്പായി അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് റിസർച്ച് അസിസ്റ്റന്റ് ഫാത്തിമത്ത് റസ്‌ല സംസാരിച്ചു.

പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂര്‍ പൈതൃകോത്സവം ജനുവരി നാല്, അഞ്ച്, ആറ് തിയ്യതികളില്‍ കണ്ണൂര്‍ നഗരത്തില്‍ വിപുലമായ പരിപാടികളോടെ തുടരും.