അഴിമതിക്കെതിരെയുള്ള നിലപാട് നമ്മുടെ നാടിന്റെ സുതാര്യതയ്ക്കും നാടിന്റെ വികസനത്തിന് ചെലവഴിക്കപ്പെടുന്ന പണം മുഴുവൻ ആ രംഗത്ത് തന്നെ ചിലവഴിക്കുന്നതിനും ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന്റെ പ്രഥമ രജിസ്ട്രേഷൻ ദിനാചരണം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ സംസ്ഥാനത്തെ അഴിമതികളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പരിശോധിച്ചാൽ ഈ കഴിഞ്ഞ ഒരു ദശാബ്ദ കാലമായി, അഴിമതി വലിയ തോതിലാണ് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൽ ഏറ്റവും പ്രധാനം എല്ലാവർക്കും അവരവരുടെ ചുമതലയുടെ ഭാഗമായി നിർവ്വഹിക്കേണ്ട കാര്യങ്ങൾ മറ്റേതെങ്കിലും തരത്തിലുള്ള ദുഃസ്വാധീനത്തിന്റെ ഭാഗമായി നേടാൻ കഴിയില്ല എന്നുള്ളത് തന്നെയാണ്. പഴയ കാലത്ത് എല്ലാവർക്കും അറിയാവുന്ന ഒരു യാഥാർഥ്യമുണ്ടായിരുന്നു.
ചില തസ്തികകളിൽ നിയമനം കിട്ടുന്നതിന് ഉദ്യോഗസ്ഥർ അതിന്റെ ഭാഗമായി നിയമനം നൽകാൻ പറ്റുന്നവർക്ക് പണം കൊടുക്കുന്ന രീതി ഉണ്ടായിരുന്നു. വ്യാപകമായ അഴിമതി പല മേഖലകളിൽ നിലനിന്നിരുന്നു. രജിസ്‌ട്രേഷൻ വകുപ്പ് മാത്രമല്ല, കേരളത്തിലെ ഇന്നത്തെ എല്ലാ ഓഫീസുകളും പരിശോധിച്ചാൽ ഏതെങ്കിലും ഒരിടത്ത് നിയമനം കിട്ടുന്നതിന് വേണ്ടി ആർക്കെങ്കിലും കൈക്കൂലി കൊടുക്കേണ്ടി വരിക എന്ന ഒരു ദുരനുഭവം ഇക്കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളത്തിൽ നിലനിൽക്കുന്നില്ല. അത് ഏറ്റവും വലിയ ഒരു പ്രത്യേകത തന്നെയാണ്-മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ കേരളവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിൽ ചില കാര്യങ്ങളിൽ വലിയ ഒരു വ്യത്യാസം നിലനിൽക്കുന്നുണ്ട്. ഇവിടെ ഒരു പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ടെൻഡർ ചെയ്താൽ, ആ ടെൻഡറിൽ പങ്കെടുത്ത് ആ പദ്ധതി കൈവശപ്പെടുത്താൻ സാധാരണനിലക്ക് ഒരു മത്സരം നടക്കും. മാനദണ്ഡം അനുസരിച്ച്, ആർക്കാണോ, ഏത് സ്ഥാപനത്തിനാണോ അർഹത ലഭിക്കുന്നത് അവർക്ക് ആ പദ്ധതി നടത്താനുള്ള ചുമതല കിട്ടും. എന്നാൽ, രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും അംഗീകൃതമായ ചില സമ്പ്രദായങ്ങൾ ഉണ്ട്. ആ പദ്ധതിയുടെ മൊത്തം ചെലവായി വരുന്ന തുക എത്രയാണോ, ആ എസ്റ്റിമേറ്റ് തുകയുടെ ഒരു നിശ്ചിത ശതമാനം ചില കേന്ദ്രങ്ങളിൽ അവർ കൊടുക്കണം. അത് അലിഖിതമായ നിയമമാണ്. ഇത് രഹസ്യമായ കാര്യമൊന്നുമല്ല, നാട്ടിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്-കൃത്യമായ അഴിമതി. ഭരണത്തിലൂടെ എങ്ങിനെ അഴിമതി നടത്താം എന്ന കാര്യം. അങ്ങിനെയാണ് പഞ്ചവടിപ്പാലം എന്നൊക്കെ വിളിച്ച ചില പാലങ്ങളൊക്കെ കേരളത്തിൽ തകർന്നുവീഴുന്ന അവസ്ഥ ഉണ്ടായത്.
പദ്ധതിയിൽ നിക്ഷേപിക്കേണ്ട പണം പൂർണമായിട്ട് പദ്ധതിക്ക് ചിലവഴിക്കില്ല. അതിന്റെ ഒരു ഭാഗം പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മറ്റു ചിലരുടെ കൈയിലെത്തും. ഇത് പദ്ധതി ഏറ്റെടുത്തയാൾക്ക് വല്ലാത്തൊരു ബലം നൽകുകയാണ്. നല്ല ബലമല്ല, തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിനുള്ള കരുത്ത് കിട്ടുകയാണ്. ആ പദ്ധതിക്ക് ചെലവഴിക്കേണ്ട പണം ബാക്കിയുള്ളതും ഇവർ ചെലവഴിക്കില്ല. ഇതൊക്കെ നമ്മുടെ രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലുമുള്ള അനുഭവമാണ്. കേരളത്തിലും നിലനിന്നിരുന്ന അനുഭവമായിരുന്നു. ഇപ്പോൾ, എത്രയാണോ പദ്ധതിയുടെ മൊത്തം തുക, ആ തുകയാകെ അവിടെ ചെലവഴിക്കാൻ പറ്റും. ആർക്കും, ഭരണവുമായി ബന്ധപ്പെട്ട ഒരു കേന്ദ്രത്തിനും അതിന്റേതായ വിഹിതം കൊടുക്കേണ്ടതായിട്ടില്ല. ഇത് കേരളത്തിന് മാത്രം അവകാശപ്പെട്ട ഒരു കാര്യമാണ്. ആ നിലയിലുള്ള സുതാര്യത ഇവിടെ നിലനിൽക്കുന്നു. അഴിമതി ഏതെല്ലാം തരത്തിലാണ് തുടച്ചുനീക്കാൻ കഴിഞ്ഞത് എന്നതിന്റെ പ്രത്യക്ഷത്തിലുള്ള ചില ഉദാഹരണങ്ങളാണിത്. ഒരു പാടു കാര്യങ്ങൾ നമ്മുടെ അനുഭവത്തിലുള്ളതാണ്.
പണ്ടൊക്കെ നമ്മുടെ നാട്ടിലെ കരാർ പ്രവൃത്തികൾ നാട്ടിലുള്ളവരാണ് അല്ലെങ്കിൽ മലയാളികളാണ് എടുക്കുക. ഇപ്പോൾ കരാർ പ്രവൃത്തികൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ളവർ വന്ന് ടെൻഡറിൽ പങ്കെടുക്കുന്നു. അവർ പണികൾ ഏറ്റെടുക്കുന്നു. അവരിൽ പലരും ആശ്ചര്യപ്പെടുകയാണ്. കാരണം രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ജോലി നിർവഹിക്കുന്ന അവർക്ക് മറ്റ് പ്രദേശങ്ങളിലുള്ള ദുരനുഭവം ഇവിടെ ഉണ്ടാവുന്നില്ല. ഇവിടെയൊരു കരാർ ഏറ്റെടുത്തിന്റെ പേരിൽ ഭരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും കേന്ദ്രങ്ങൾക്ക് അവരുടെ പണം എത്തിച്ചുകൊടുക്കേണ്ടി വരുന്നില്ല. ഇത പുതിയ അനുഭവം അവർ തന്നെ പലരോടും പറയുന്നു.
നമ്മുടെ നാട്ടിലെ ഇത്തരം അനുഭവങ്ങൾ പത്ത് വർഷമായി നില നിൽക്കുമ്പോൾ അതൊരു വലിയ പുതുമ തോന്നില്ല. എന്നാൽ രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇവിടെ ഉപേക്ഷിക്കപ്പെട്ട ആ അവസ്ഥ നിലനിൽക്കുന്നു. ഇവിടെ അതില്ലാത്തത് കേരളത്തിൽ സർക്കാർ സ്വീകരിക്കുന്ന കർക്കശ സമീപനത്തിന്റെ ഭാഗമാണ്. സർക്കാറിന്റെ സമീപനമാണ് ഈ രംഗത്തെല്ലാമുള്ള അഴിമതി തുടച്ചുനീക്കുന്നതിന് ഇടയാക്കിയിട്ടുള്ളത്. എന്നാൽ, ഇത് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന പല തരത്തിലുള്ള ശക്തികളുണ്ട്. ഇതിലടക്കം ചിലർ അഴിമതി നടത്തുന്ന വാർത്തകൾ ശ്രദ്ധയിൽ പെടുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ വിവിധ ചുമതലകളിലുള്ളവർ ആ തരത്തിൽ കാര്യങ്ങൾ നിർവഹിക്കുന്നതായി കാണാൻ കഴിയും. ചിലർ വിജിലൻസിന്റെ പിടിയിൽ പെടുന്നുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ കാര്യം. എന്നാൽ, ഇതിന്റെയെല്ലാം ഭാഗമായി ഇൗ അവസരം-അതൊരു സുവർണാവസരമായിട്ടാണ് അവർ കാണുന്നത്- നഷ്ടപ്പെട്ട ചിലരുണ്ട്. നഷ്ടപ്പെട്ടവർ എങ്ങിനെയും ഈ അവസരം ലഭിക്കണം, തിരിച്ചുപിടിക്കണം എന്ന്് ചിന്തിക്കുന്ന നിലയും വരുന്നുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.
രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ംസ്ഥാനത്ത് സർക്കാർ വകുപ്പുകളിൽ ഏറ്റവും പാര്യമ്പര്യമുള്ള വകുപ്പാണ് രജിസ്ട്രേഷൻ വകുപ്പെന്നും ആധുനിക വത്കരണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ വകുപ്പിൽ ുന്നോട്ട് കൊണ്ടുവരികയാണെന്നും മന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് ഇന്ത്യയിലെ തന്നെ ആദ്യ സബ് രജിസ്ട്രാർ ഓഫീസ് 1865ൽ കണ്ണൂർ അഞ്ചരക്കണ്ടിയിലാണ് സ്ഥാപിതമായത്. ആദ്യത്തെ രജിസ്ട്രേഷൻ നടന്നത് 1867 ജനുവരി നാലിനായിരുന്നു. ഇത് പരിഗണിച്ചാണ് എല്ലാ വർഷവും ജനുവരി നാലിന് രജിസ്ട്രേഷൻ ദിനമായി ആചരിക്കാനും രജിസ്ട്രേഷൻ വകുപ്പിലെ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഓഫീസുകൾക്ക് അവാർഡ് നൽകാനും സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് രജിസ്ട്രേഷൻ വകുപ്പിന്റെ ചരിത്രത്തിലെ ആദ്യ രജിസ്ട്രേഷൻ അഞ്ചരക്കണ്ടിയിൽ സംഘടിപ്പിച്ചത്.
2024-2025 സാമ്പത്തിക വർഷത്തിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി ‘രജിസ്‌ട്രേഷൻ അവാർഡ് 2025’ നേടിയ ഓഫീസുകൾക്കുള്ള അവാർഡ് വിതരണം മുഖ്യമന്ത്രി നിർവഹിച്ചു.
ടാക്‌സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ വയനാട് ചൂരൽ മല ദുരിന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 670,051 രൂപ മുഖ്യമന്ത്രിക്ക് കൈമാറി.
രാജ്യസഭാ എംപി ഡോ. വി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായി.
രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ കെ. മീര, നികുതി വകുപ്പ് അഡീഷനൽ സെക്രട്ടറി എം.വി. പ്രമോദ്, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ. സീന, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻ ലാൽ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് അംഗം പി.പി പ്രസീത, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ രാഗേഷ്, ടി.കെ.എ ഖാദർ, ടി ഭാസ്‌കരൻ, വി.സി വാമനൻ, ഡി മുനീർ, വി.കെ ഗിരിജൻ, ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.ജി ഇന്ദുകലാധരൻ, ആധാരമെഴുത്ത് യൂനിയൻ സംസ്ഥാന സെക്രട്ടറി രാജേഷ് പനയൂർ, അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ വി.പി കിഷോർ എന്നിവർ സംസാരിച്ചു. വകുപ്പിലെ ജീവനക്കാരുടെ കലാപരിപാടികളും ചരിത്ര പ്രദർശനവും ഉണ്ടായിരുന്നു.
