പൈതൃകത്തെ വികലമാക്കാനോ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാനോ ഉള്ള ശ്രമങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും ഇത്തരം ശ്രമങ്ങളെ മറികടന്ന് സമൂഹത്തിന്റെ ശ്രുതി നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണെന്നും മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. കണ്ണൂർ പൈതൃകോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൈതൃകം എന്നത് വളരെ വിശാലമായ കാഴ്ചപ്പാടിൽ കാണേണ്ട ഒന്നാണ്. ഭൗതികവും അഭൗതികവുമായിട്ടുള്ള എല്ലാ വസ്തുക്കളും പ്രകൃതിയും വിശ്വാസങ്ങളും ആചാരങ്ങളും കലാരൂപങ്ങളും ഭക്ഷണ രീതികളും വാമൊഴി പാട്ടുകളും ആവാസ വ്യവസ്ഥയുമെല്ലാം പൈതൃകമാണ്. ഇവയെ മാറ്റിമറിക്കാനുള്ള ഓരോ ശ്രമങ്ങളും നമ്മുടെ പൈതൃകത്തെ ഇല്ലാതാക്കുന്നവയാണ്.
കേളത്തിന്റെ സാഹചര്യം വച്ച് പരിശോധിച്ചാൽ നമ്മുടെ സഹവർത്തിത്വത്തെ തകർക്കാൻ പൈതൃകത്തിന്റെ വികലമായ വ്യാഖ്യാനങ്ങൾക്ക് സാധിക്കും. പരിസ്ഥിതിവ്യതിയാനം പോലും നമ്മുടെ പൈതൃകത്തെ മാറ്റിമറിക്കുന്നതിന് ശേഷിയുള്ളവയാണ്. ഇത്തരം വ്യതിയാനങ്ങളെ പഠനവിധേയമാക്കേണ്ട കാലമാണ്. പൈതൃകം എന്നത് സർക്കാരിന്റെയോ ഏതെങ്കിലും സംഘടനകളുടെയോ മാത്രം ഉത്തരവാദിത്വമോ അവകാശമോ അല്ല. മറിച്ച് സമൂഹം ഒന്നാകെ നമ്മുടെ പൈതൃകത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഡോ.വി.വേണു പറഞ്ഞു
പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ഡോ. വി. ശിവദാസൻ എം. പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, കണ്ണൂർ കോർപറേഷൻ കൗൺസിലർ ലിഷ ദീപക്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മ്യൂസിയം ഡയറക്ടർ പി. എസ്. മഞ്ജുളാദേവി, പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് എസ്. പാർവതി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം. വി. ജയൻ,മുൻ സൈനികൻ മനേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. അജയകുമാർ, രാഹുൽ കായക്കൽ, മുസ്ലിഹ് മഠത്തിൽ, പ്രൊഫ. ജോസഫ് തോമസ്, കെ. കെ. ജയപ്രകാശ്, പി. സി. അശോകൻ, കെ. പി. പ്രശാന്തൻ, രാകേഷ് മന്ദമ്പേത്ത്, അസ്‌ലം പിലാക്കൽ, രതീഷ് ചിറക്കൽ എന്നിവർ സംസാരിച്ചു. തുടർന്ന് വയലി ആറങ്ങോട്ടുകാര അവതരിപ്പിച്ച മുള സംഗീതം അരങ്ങേറി.
പൈതൃക സന്ദേശ പദയാത്ര നടത്തി
കണ്ണൂർ പൈതൃകോത്സവത്തിന്റെ ഭാഗമായി കണ്ണൂർ അറക്കൽ കെട്ട് മുതൽ മഹാത്മാ മന്ദിരം വരെ പൈതൃക സന്ദേശ പദയാത്ര സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ മാരായ ലിഷ ദീപക്, ഇ ബീന, കെ.പി. അനിൽകുമാർ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി കെ. വിനീത്, അന്തർദേശീയ ഇന്ത്യൻ അത്‌ലറ്റ് കെ. എം ഗ്രീഷ്മ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, ഒ.കെ. ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. എകെജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി വിദ്യാർത്ഥികൾ, എസ് പി സി കേഡറ്റുകൾ, ബഹുജനങ്ങളും വിദ്യാർത്ഥികളും അടക്കം നിരവധിപേർ പങ്കെടുത്തു.
