നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്റോണ്‍മെന്റ് കോമ്പൗണ്ടിലുള്ള ഇ.വി.എം വെയര്‍ഹൗസില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് തുടക്കമായി. അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
25 മുതല്‍ 30 ദിവസം വരെയാണ് ആദ്യഘട്ട പരിശോധന. എല്ലാ യൂണിറ്റുകളുടെയും പ്രവര്‍ത്തനക്ഷമത, മെഷീന്‍ വൃത്തിയാക്കല്‍ തുടങ്ങി ഭൗതികവും സാങ്കേതികവുമായ പരിശോധനയാണ് ഭാരതീയ ഇലക്ട്രോണിക് ലിമിറ്റഡ് അംഗീകൃത എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് നേരിട്ട് കണ്ട് വിലയിരുത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
തഹസില്‍ദാര്‍ ബോസ് ഫ്രാന്‍സിസാണ് ചാര്‍ജ് ഓഫീസര്‍. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ട് കെ സുരേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
