ദേശീയ ഗോപാൽ രത്ന പുരസ്‌കാരം നേടിയതിന്റെ ഭാഗമായി മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്രയും അനുമോദനയോഗവും സംഘടിപ്പിച്ചു. മിൽമ ചെയർമാൻ കെ.എസ്.മണി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മികച്ച ക്ഷീരോൽപാദക സഹകരണ സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയാണ് ദേശീയ ഗോപാൽ രത്ന പുരസ്‌കാരം. രാജ്യത്തെ ക്ഷീരമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം മീനങ്ങാടി ക്ഷീരോൽപാദക സംഘത്തിന് ലഭിച്ചത്.

മീനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ കർഷകരും സഹകരണ മേഖലയിലെ പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്തു. വർഷം മുഴുവൻ പാലിന് പ്രോത്സാഹന വില, ഫാം സപ്പോർട്ട്, സ്വന്തം മൃഗാശുപത്രി, വെറ്ററിനറി ക്ലിനിക്ക്, മെഡിക്കൽ സ്റ്റോർ, കൃത്രിമ ബീജാധാന സൗകര്യം, ചികിത്സാസഹായ പദ്ധതി തുടങ്ങിയ വൈവിധ്യമാർന്ന ഇടപെടലുകളാണ് മീനങ്ങാടി സംഘത്തെ ദേശീയ അംഗീകാരത്തിനർഹമാക്കിയത്.

1973ൽ 26 കർഷകരിൽ നിന്ന് 30 ലിറ്റർ പാൽ സംഭരിച്ച് പ്രവർത്തനം ആരംഭിച്ച സംഘം ഇന്ന് മീനങ്ങാടി പഞ്ചായത്തിൽ നിന്നുമാത്രം പ്രതിദിനം ഏകദേശം 17,500 ലിറ്റർ പാൽ സംഭരിക്കുന്ന നിലയിലേക്ക് വളർന്നു. 1100-ലധികം സജീവ അംഗങ്ങൾ, പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ച സംവിധാനം, ബൾക്ക് മിൽക്ക് കൂളർ, മിൽക്ക് സൈലോ, സൗരനിലയം, മലിനജല സംസ്കരണ കേന്ദ്രം തുടങ്ങിയ ആധുനിക സൗകര്യങ്ങളും സംഘത്തിനുണ്ട്. സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരത്തിനുള്ള അംഗീകാരമായി മിൽമയുടെ മികച്ച ബി.എം.സി. പുരസ്കാരവും സംഘം നേടിയിട്ടുണ്ട്.

സംസ്ഥാനത്തെ മികച്ച ആനന്ദ് മാതൃക ക്ഷീരസഹകരണ സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ പുരസ്കാരവും മീനങ്ങാടി സംഘത്തിനായിരുന്നു. കർഷകരുടെ വിശ്വാസവും ഭരണസമിതിയുടെ നേതൃത്വവുമാണ് മുന്നേറ്റത്തിന് കരുത്താകുന്നത്. നവംബർ 26-ന് ഡൽഹിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രിമാരായ ജോർജ് കുര്യൻ, ആർ.പി. സിങ്ങ് ബാദൽ എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ സജീവ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ബീന വിജയൻ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിത കേളു, ലത ശശി, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം നിർമല പ്രഭാകരൻ, സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ ഷേർലി കൃഷ്‌ണൻ, മീനങ്ങാടി ക്ഷീര സംഘം പ്രസിഡന്റ് പി. പി ജയൻ, സെക്രട്ടറി കെ.ബി മാത്യൂ, വൈസ് പ്രസിഡന്റ്‌ പി. കെ സജീവ്, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് അംഗം കെ.കെ.പൗലോസ്, പുൽപള്ളി ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, ജില്ലാ പി ആൻഡ് ഐ മേധാവി പി.പി പ്രദീപൻ, സുൽത്താൻ ബത്തേരി ക്ഷീര വികസന ഓഫീസർ പി. പി പ്രജീഷ, മീനങ്ങാടി സർവ്വീസ് ബാങ്ക് പ്രസിഡന്റ്‌ സി.എസ് പ്രസാദ്, , മിൽമ വയനാട് പി ആൻഡ് ഐ ബിനീഷ് കുമാർ, കേരള ഫീഡ്‌സ് ഫീൽഡ് അസിസ്റ്റന്റ് പി.സി നിതീഷ്, മീനങ്ങാടി ക്ഷീര സംഘം ഡയറക്ടർ ഫിലിപ്പ് തോമസ് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ക്ഷീരവികസന വകുപ്പ്, മിൽമ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.