കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ നാടിന്റെ പൊതുവായ വളർച്ചക്കും സമഗ്ര അഭിവൃദ്ധിക്കും വഴിതെളിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് സംസ്ഥാന ബജറ്റ് ഫണ്ടും നവകേരള മിഷന്റെ ഫണ്ടും ചേർത്ത് ഏഴര കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ചക്കരക്കൽ കൺവെൻഷൻ സെൻററിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൃത്യമായ ദിശാബോധത്തോടെ നടപ്പിലാക്കിയ വികസന നയങ്ങളാണ് സംസ്ഥാനത്തെ രാജ്യത്തിന് മാതൃകയായ നിലയിലേക്കെത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശാബ്ദത്തിനിടെ കേരളത്തിൽ ആസൂത്രണ ബോർഡ് കാര്യക്ഷമമായി പ്രവർത്തിച്ചതിന്റെ ഫലമായി വികസന അജണ്ട തയ്യാറാക്കി നടപ്പിലാക്കാൻ കഴിഞ്ഞു. 2016 മുതൽ ബദൽ നയങ്ങൾ സ്വീകരിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ ക്രമബദ്ധമായി മുന്നോട്ടു കൊണ്ടുപോയതിന്റെ ഗുണഫലങ്ങളാണ് ഇന്ന് സംസ്ഥാനത്ത് പ്രകടമാകുന്നത്.
വികസന പ്രവർത്തനങ്ങളോടൊപ്പം തന്നെ ക്ഷേമപ്രവർത്തനങ്ങളും ഒരേ സമയം നടപ്പിലാക്കാനായതിലൂടെ രാജ്യത്തിന് മാതൃകയായ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും വിവിധ തരത്തിലുള്ള വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായിട്ടാണ് ദേശീയ ശരാശരിയെ മറികടക്കുന്ന വളർച്ച കേരളം കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവംബർ ഒന്നോടെ സംസ്ഥാനത്ത് അതിദാരിദ്ര്യം പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞത് സാമൂഹ്യ രംഗത്തെ ശക്തമായ ഇടപെടലുകളുടെ ഫലമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വിജ്ഞാനാധിഷ്ഠിത വളർച്ചയ്ക്കും കേരളം പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി നിരവധി മികവിന്റെ കേന്ദ്രങ്ങൾ സംസ്ഥാനത്ത് സ്ഥാപിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിവേഴ്‌സിറ്റികളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച പുരോഗതി രാജ്യത്തെ തന്നെ മികച്ചതാണെന്ന് നീതി ആയോഗ് അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളം പദ്ധതിയുടെ ഭാഗമായി ലോകത്തിലെ വികസിത രാജ്യങ്ങളുടെയും മധ്യവരുമാന രാഷ്ട്രങ്ങളുടെയും നിലവാരത്തിലേക്ക് കേരള സമൂഹത്തെ ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് ചക്കരക്കൽ കൺവെൻഷൻ സെന്ററിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ചക്കരക്കല്ല് നഗരജീവിതത്തിന്റെ പടവുകളിലാണെന്നും ആധുനിക വത്കരണത്തിന്റെ നിരവധി സൗകര്യങ്ങൾ പ്രവർത്തനങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രാജ്യസഭ എംപി ഡോ. വി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായി.
പൂർണമായും കോൺക്രീറ്റ് ചട്ടക്കൂടിൽ മൂന്ന് നിലകളുള്ള കൺവെൻഷൻ സെന്ററാണ് നിർമ്മിക്കുക. 979.32 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പാർക്കിങ്, ഇലക്ട്രിക്കൽ, ജനറേറ്റർ റൂം തുടങ്ങിയ സൗകര്യങ്ങളും രണ്ടാം നിലയിൽ ഓഫീസ് സംവിധാനങ്ങളും മൂന്നാം നിലയിൽ കോൺഫറൻസ് ഹാളും ഒരുക്കും. റോഡിനേക്കാൾ ഉയർന്ന പ്രദേശം മണ്ണ് നീക്കം ചെയ്ത് താഴ്ത്തുന്നതും സംരക്ഷണ ഭിത്തി നിർമ്മാണവും ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് കലാസാംസ്‌കാരികവും സാമൂഹികവുമായ പരിപാടികൾക്കായി ആധുനിക സൗകര്യങ്ങൾ ലഭ്യമാകും.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.വി ബിജു, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി ഷൈജ, ജില്ലാ പഞ്ചായത്തംഗം ഒ.സി ബിന്ദു, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് അംഗം മോനിഷ ഹരിദാസ്, സംഘാടക സമിതി കൺവീനർ കെ. ദാമോദരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എം ഷിബിൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ കെ രാഗേഷ്, കെ. ബാബുരാജ്, എം.കെ മോഹനൻ, ടി. പ്രകാശൻ, മുസ്തഫ മാസ്റ്റർ, കെ. ശിവദാസൻ, കെ. അബ്ദുൽ സത്താർ, ബി. സുഭാഷ്, കെ.പി നസീർ എന്നിവർ സംസാരിച്ചു
