ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ നടക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ വിജയത്തിനായി തൃത്താല മണ്ഡലത്തിലെ തദ്ദേശ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. തദ്ദേശ സംഗമം തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല മണ്ഡലത്തിൽ ആദ്യമായി നടക്കുന്ന സരസ് മേളയിൽ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
സരസ് മേളയുടെ ഫുഡ് കോർട്ടിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം സുധീഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സുനിൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഡോ. ടി.വിനിഷ ,കെ പി വിബിലേഷ്, കെ ശശിരേഖ, പി എൻ അംബിക, റംല വീരാൻ കുട്ടി, അഡ്വ. നിഷ വിജയകുമാർ, ജയന്തി വിജയകുമാർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷക്കീന അക്ബർ, നവകേരളം കോർഡിനേറ്റർ പി സെയ്തലവി,കുടുംബശ്രീ കോർഡിനേറ്റർ പി ഉണ്ണിക്കൃഷ്ണൻ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യൻ രുചി വൈവിധ്യവുമായി ദേശീയ സരസ് മേള ചാലിശ്ശേരിയിൽ
കലാസാംസ്കാരിക മാമാങ്കത്തിന് വേദിയൊരുങ്ങിയ ചാലിശ്ശേരിയിൽ രുചിയുടെ കലവറ തീർക്കാൻ കുടുംബശ്രീ ഫുഡ് കോർട്ട്. ചാലിശ്ശേരി മുലയം പറമ്പ് മൈതാനിയോട് ചേർന്ന് തയ്യാറാക്കിയ 32 സ്റ്റാളുകളിൽ ഇന്നു മുതൽ (ജനുവരി രണ്ട്) ഇന്ത്യയുടെ രുചിവൈവിധ്യം നിറയും. നാനാത്വത്തിൽ ഏകത്വം വിളമ്പുന്ന ഇന്ത്യൻ മാതൃക വിളിച്ചോതും വിധം ഇന്ത്യയുടെ എല്ലാ വിഭവങ്ങളും ഒറ്റ പാത്രത്തിൽ വിളമ്പി
ഇന്ത്യ പ്ലേറ്റ് സജ്ജീകരിച്ചാണ് ഭക്ഷണശാല തുറക്കുന്നത്. ഭക്ഷണശാലയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിക്കും.
20 ൽ പരം ഇന്ത്യൻ ബിരിയാണികൾ, നാല് കൗണ്ടറുകളിലായി ആരോഗ്യദായകങ്ങളായ പാനീയങ്ങളുൾപ്പെടെ മുന്നൂറിലധികം പാനീയങ്ങൾ,കേരളത്തിൻ്റെ തനത് മധുര പലഹാരമായ ഉണ്ണിയപ്പം മുതൽ ആന്ധ്രാ പ്രദേശിൻ്റെ പഴമയുടെ കഥ പറയുന്ന പോത്തരേക്കുലുവരെയുള്ള നാടൻ പലഹാരങ്ങളാണ് ഭക്ഷ്യ പ്രേമികളെ കാത്തിരിക്കുന്നത്.
കൂടാതെ ഗോത്ര വിഭവങ്ങളിൽ പേരുകേട്ട വനസുന്ദരി, കടൽ വിഭവങ്ങൾ എന്നിങ്ങനെ വായിൽ വെള്ളമൂറും വിഭവങ്ങളും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ പരിശീലന സ്ഥാപനമായ ഐഫ്രത്തിൻ്റെ സാങ്കേതിക പിന്തുണയോടെയാണ് കുടുംബശ്രീ മികവ് തെളിയിക്കുന്നത്. ഒന്നുമില്ലായ്മയിൽ നിന്നും സംരംഭകരായി മാറിയ വനിതാ ശാക്തീകരണത്തിൻ്റെ ഉത്തമ ഉദാഹരണമാണ് ഓരോ സ്റ്റാളുകളും.
