ജില്ലയിലെ എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ പദ്ധതികളും വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല എയ്ഡ്സ് നിയന്ത്രണ പ്രതിരോധ സമിതി അവലോകനയോഗം ചേര്‍ന്നു. ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്റെ അധ്യക്ഷതയില്‍ അസിസ്റ്റന്റ് കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സംയോജിത ആരോഗ്യ ക്യാംപയിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി സംയോജിത ആരോഗ്യ ക്യാംപയിനുകള്‍ ജില്ലയില്‍ സംഘടിപ്പിക്കും.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായുള്ള ‘പ്രോഗ്രാമാറ്റിക് മാപ്പിങ്’, ജനസംഖ്യാ കണക്കെടുപ്പ് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ കമ്മ്യൂണിറ്റി അഡൈ്വസറി ബോര്‍ഡ് യോഗം എന്നിവ വിലയിരുത്തി. എച്ച്.ഐ.വി/എയ്ഡ്സ് ആക്ട് 2017 സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ക്കായുള്ള ‘ഉണര്‍വ്’ ക്യാംപയിന്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ എച്ച്.ഐ.വി പോസിറ്റീവ് നെറ്റ്വര്‍ക്കും ടി.ഐ പ്രോജക്ടുകളും നേരിടുന്ന ചികിത്സാ സംബന്ധമായ ബുദ്ധിമുട്ടുകള്‍, ഫണ്ട് ലഭ്യത തുടങ്ങിയ പരാതികള്‍ ചര്‍ച്ച ചെയ്തു. ഇവ പരിഹരിക്കാന്‍ ജില്ലാതലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം മെച്ചപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. ജയന്തി, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. നൂന മര്‍ജ, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ എസ്. സുനില്‍കുമാര്‍, ദിശ ക്ലിനിക്കല്‍ സര്‍വീസ് ഓഫീസര്‍ സപ്ന രാജ്, ജില്ലാ പഞ്ചായത്ത് പ്രതിനിധി, സമിതിയിലെ വിവിധ അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
