‘റോഡ് മുറിച്ചു കടക്കുന്നതിനുള്ള പ്രയാസം മാറിയല്ലോ? സീബ്രാ ലൈനും ആയിട്ടുണ്ടല്ലോ?’ എന്ന് ശിഖയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി തിരക്കി. സന്തോഷത്തോടെ അതേ എന്നായിരുന്നു ഒൻപതാം ക്ലാസ്സുകാരി ശിഖയുടെ മറുപടി. സ്‌കൂളിന് മുന്നിലെ തിരക്കേറിയ റോഡിലെ സുരക്ഷാ പ്രശ്‌നങ്ങളും അത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കണ്ണൂർ കമ്പിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ്  വിദ്യാർത്ഥിനിയായ ശിഖ വിജിത്ത് സി എം വിത്ത് മീയിലേക്ക് വിളിച്ചത്. ശിഖയുടെ പരാതിയിൽ അതിവേഗം നടപടി സ്വീകരിച്ചു. ഈ വിവരം ശിഖയുമായി നേരിട്ട് പങ്ക് വയ്ക്കാനാണ് മുഖ്യമന്ത്രി വിളിച്ചത്.

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് റോഡിൽ സീബ്രാ ലൈൻ മാർക്ക് ചെയ്യുകയും, തിരക്കേറിയ സമയങ്ങളിൽ പോലിസ് സാന്നിധ്യം ഉറപ്പാക്കുകയും ചെയ്തു. സ്‌കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വേഗത്തിൽ നടപടിയെടുത്തതിലുള്ള സന്തോഷവും നന്ദിയും ശിഖ മുഖ്യമന്ത്രിയെ അറിയിച്ചു.

ചൊവ്വാഴ്ച വെകുന്നേരം 6 ന് ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സി എം വിത്ത് മീ) പദ്ധതിയുടെ വെള്ളയമ്പലത്തുള്ള സിറ്റിസൺ കണക്ട് സെന്റർ സന്ദർശിച്ച് പരാതിക്കാരെ നേരിട്ട് ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പരാതികളിന്മേൽ വേഗത്തിൽ ആശ്വാസ നടപടികൾ സ്വീകരിച്ചതിലും, വിവരങ്ങൾ നേരിട്ട് തിരക്കിയതിലും മുഖ്യമന്ത്രിയോട് നന്ദിയും സന്തോഷവും പരാതിക്കാർ പങ്കുവച്ചു.

കൊല്ലം നിലമേൽ കോളേജിൽ നിന്ന് 2011ൽ ലൈബ്രേറിയൻ തസ്തികയിൽ വിരമിച്ച സുരേഷ് കുമാർ എം. കുടുംബക്ഷേമ പദ്ധതി തുക 15 വർഷമായി ലഭിക്കാത്തതിനെ തുടർന്നാണ് സിഎം വിത്ത് മീയിൽ പരാതി നൽകിയത്. വെറുതെ പരീക്ഷണമെന്ന നിലയിലാണ് പരാതി നൽകിയതെന്നും എന്നാൽ അടുത്ത ദിവസം മുതൽ തന്നെ പരാതിയുടെ വിവരങ്ങളും നടപടികളിലെ പുരോഗതിയും തിരികെ വിളിച്ചു കൃത്യമായി നൽകുകയായിരുന്നു എന്ന് സുരേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. കോളേജ് വിദ്യാഭ്യാസ വകുപ്പിനെയും ധനകാര്യ വകുപ്പിനെയും ബന്ധപ്പെടുത്തി നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലമായി 13,770 രൂപ കുടുംബക്ഷേമ പദ്ധതി ക്ലോഷർ തുക അനുവദിച്ചു. ദീർഘകാലത്തെ കാത്തിരിപ്പിന് പരിഹാരം ലഭിച്ചതിന്റെ സന്തോഷത്തിൽ അദ്ദേഹം മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു.

ബാംഗ്ലൂരിൽ നാലാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനി മൂന്നാർ ഗുണ്ടുമലൈ സ്വദേശി ആർതിയ്ക്ക് യൂണിവേഴ്‌സിറ്റി ഫീസിന്റെ അവസാന ഗഡുവായ 90,000 രൂപ അടയ്ക്കാൻ കഴിയാത്ത സങ്കടത്തിലാണ് സി എം വിത്ത് മീയിൽ പരാതി നൽകിയത്. തുടർന്ന് ഇടുക്കി സഹകരണ സംഘം രജിസ്ട്രാറുമായി ബന്ധപ്പെട്ട് സർവീസ് സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ടീ ആന്റ് യു റിസോർട്ട് ജീവനക്കാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ആവശ്യമായ തുക സ്വരൂപിച്ച് നൽകാനായി. പഠനം തുടരാൻ കഴിഞ്ഞതിലുള്ള നന്ദി ആർതി മുഖ്യമന്ത്രിയെ അറിയിച്ചു. ചില പരാതികളിൽ സർക്കാരിന് നേരിട്ട് സഹായം നൽകാൻ കഴിയില്ലെങ്കിലും ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ കാര്യം സാധിക്കാനാകുമെന്നതാണ് സി എം വിത്ത് മീ പദ്ധതിയുടെ വിജയമെന്ന് മുഖ്യമന്തി പറഞ്ഞു.

കെഎസ്ഇബിയിൽ നിന്ന് വിരമിച്ച കൊല്ലം സ്വദേശി ജോൺ പോൾ പെൻഷൻ തുകയിൽ നിന്ന് പത്ത് ശതമാനം കുറവ് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് സി എം വിത്ത് മീയിൽ പരാതിപ്പെട്ടു. കെഎസ്ഇബിയുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി പ്രശ്‌നം പരിഹരിച്ച് ഡിസംബർ മാസത്തെ പെൻഷനിൽ നിന്നും തുക സിഎംഡിആർഎഫ് – ലേക്ക് അടയ്ക്കുകയും ചെയ്തു. എല്ലാ മാസവും തന്റെ പെൻഷൻ തുകയിൽ നിന്നും നാടിന് സഹായകരമായ രീതിയിൽ സംഭാവന ചെയ്യുന്ന ജോൺ പോളിന്റെ പ്രവർത്തനം മറ്റുള്ളവർക്ക് മാതൃകയാണെന്ന് പറഞ്ഞ മുഖ്യമന്തി അദ്ദേഹത്തിന് നന്ദിയും അറിയിച്ചു.

‘മുഖ്യമന്ത്രി എന്നോടൊപ്പം’ പദ്ധതിൽ ലഭിക്കുന്ന പരാതികളിന്മേൽ വേഗത്തിൽ ആശ്വാസ നടപടി സാധ്യമാക്കുന്നതിലൂടെ സർക്കാർ ജനങ്ങളോടൊപ്പം ഉണ്ടെന്നുള്ള വസ്തുത ഉറപ്പാക്കുകയാണ്.