ആലപ്പുഴ : പ്രളയം കവർന്ന മുറിപ്പാടുകളെ അതിജീവിച്ച് മാന്നാർ നായർ സമാജം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയത് അവരുടെ അതിജീവനതാളം പാടുവാനായിരുന്നു. സംഘത്തിലെ കുട്ടികളിൽ അധികവും പ്രളയം വിഴുങ്ങിയ പാണ്ടനാട് നിന്നു വന്നവരായിരുന്നു.
മുൻപാട്ടുപാടിയ അനന്തുവിന്റെ വീടും പ്രളയം കവർന്നു. തിരുപാർത്ഥസാരഥിയുടെ കൊടിമരച്ചുവട്ടിൽനിന്ന് പാടുന്ന ഞങ്ങൾക്ക് വഞ്ചിപ്പാട്ട് ജീവിതത്തിന്റെ ഭാഗമാണ് എന്നാണ് അനന്തു പറയുന്നത്. ഞങ്ങളുടെ വീടുകളിലെല്ലാം പള്ളിയോടമുണ്ട് , വഞ്ചിപ്പാട്ട് ജീവിതത്തിന്റെ ഭാഗവും എന്നാണ് സംഘാംഗം ഗോവിന്ദ് പറയുന്നത്. സംഘത്തിലെ ഗോവിന്ദിന്റെയും ജോബിന്റെയും കിരണിന്റെയുമെല്ലാം വീടുകളും പ്രളയംക കവർന്നിരുന്നു.ചെന്നിത്തല സ്വദേശി രാഗേഷ് ആണ് ഇവരെ വഞ്ചിപ്പാട്ട് പാടാൻ ഒരുക്കിയത്.
വഞ്ചികളുടെ നാട്ടിൽ വഞ്ചിപ്പാട്ടിന് വൻ സ്വീകരണമാണ് ലഭിച്ചത്.
ഞായറാഴ്ച സംസ്ഥാന സ്കൂൾ കലോത്സവ വേദിയായ കാർമ്മൽ ഓഡിറ്റോറിയം ഉണർന്നത് വഞ്ചിപ്പാട്ടിന്റെ ഈണം കേട്ടുകൊണ്ടായിയുന്നു. കുട്ടനാട്ടുകാരുടെയും ആലപ്പുഴകാരുടെയും ഹൃദയ താളമായ കൊണ്ടാവാം വഞ്ചിപ്പാട്ട് കേൾകാൻ അവധി ദിനം കൂടിയായ കലോത്സവത്തിന്റെ അവസാന ദിനം ഒഴുകിയെത്തിയത് നൂറുകണക്കിന് പേരാണ്.
കുട്ടനാട്ടുകാരന്റെയും ആറന്മുളക്കാരന്റെയും ഒക്കെ രക്തത്തിൽ അലിഞ്ഞു കിടക്കുന്ന വഞ്ചിപ്പാട്ടു താളം കൈതാളമായും കൈയടിയായും വേദിയിൽ ആസ്വദിച്ച കാണികൾ. പ്രളയം മറന്നു കുട്ടനാട്ടിൽ നിന്ന് ആബാലവൃദ്ധം ജനങ്ങൾ വേദിക്ക് ഊർജം പകരാൻ എത്തി.