ജില്ലയിലെ എക്സൈസ് ചെക്പോസ്റ്റുകളിൽ പരിശോധന കാര്യക്ഷമായതോടെ ലഹരി കടത്ത് സംഘങ്ങൾക്ക് കൂച്ചുവിലങ്ങ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഈ വർഷം 586 കേസുകൾ രജിസ്റ്റർ ചെയ്തു. മുത്തങ്ങ, തോൽപ്പെട്ടി, ബാവലി ചെക്പോസ്റ്റുകളിലായി കർശന പരിശോധനയാണ് എക്സൈസ് വകുപ്പ് നടത്തുന്നത്.
മുത്തങ്ങ ചെക്പോസ്റ്റിൽ 241 അബ്കാരി കേസുകളും തോൽപ്പെട്ടി, ബാവലി ചെക്പോസ്റ്റുകളിൽ യഥാക്രമം 96, 22 കേസുകളും രജിസ്റ്റർ ചെയ്തു. എൻഡിപിഎസ് കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് ബാവലി ചെക്പോസ്റ്റിലാണ്. ഇവിടെ 89 കേസുകൾ രജിസ്റ്റർ ചെയ്തു. തോൽപ്പെട്ടിയിൽ 76, മുത്തങ്ങയിൽ 62 എന്നിങ്ങനെ എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു.
സംസ്ഥാനത്താകമാനം 6314 ലഹരി മരുന്ന് കേസുകളാണ് രജിസ്റ്റർ ചെയതത്. 700 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടുകയും ചെയ്തു. പ്രധാനമായി എക്സൈസ് കേസുകളിൽ പ്രതിയാകുന്നത് യുവാക്കളാണ്. ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തമിഴ്നാട്-കർണാടക അതിർത്തികളിൽ വാഹനപരിശോധ ശക്തമാക്കിയിട്ടുണ്ട്. യുവജനങ്ങളെയും വിദ്യാർഥികളെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുന്നതിനും വ്യാജമദ്യം, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനും കേരള സംസ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി വ്യാപകമായി ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരികയാണ്.