ആലപ്പുഴ ജില്ലാ കളക്ടറുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയായ എസ്റ്റെപ്പ് ദ്യുദി പ്രോഗ്രാമിന്റെ ഭാഗമായി പഠനത്തിൽ മികവ് തെളിയിച്ച 373 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.
ആലപ്പുഴ ജില്ല കളക്ടർ അലക്സ് വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.എ ഡി എം ആശാ സി എബ്രഹാം അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ വിലയിരുത്തലിലൂടെയാണ് അർഹരായ കുട്ടികളെ കണ്ടെത്തിയത്. ആലപ്പുഴ രൂപത ബിഷപ്പ് ജെയിംസ് റാഫേൽ ആന പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ചേർത്തല, ആലപ്പുഴ, കുട്ടനാട്, മാവേലിക്കര വിദ്യാഭ്യാസ ജില്ലകളിലെ ഡി.ഇ.ഒമാരുടെ കീഴിലുള്ള സ്കൂളുകളിൽ നിന്നുള്ള 91 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നേരിട്ട് വിതരണം ചെയ്തു. ബാക്കിയുള്ള 282 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക ചെക്കുകളായി ബന്ധപ്പെട്ട എ.ഇ.ഒമാർ വിതരണം ചെയ്യും.
വിദ്യാർത്ഥികളുടെ അക്കാദമിക് മുന്നേറ്റവും മത്സരപരീക്ഷാ പ്രാവീണ്യവും ഉറപ്പാക്കുന്നതിനായി സ്റ്റുഡൻസ് ഇന്നവേറ്റീവ് പ്രോഗ്രാം എന്ന പേരിൽ മൂന്ന് ഘട്ടങ്ങളായി മത്സര പരീക്ഷകൾ സംഘടിപ്പിച്ചു. ഈ പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് കേരള ബാങ്കിന്റെ സഹകരണത്തോടെ സ്കോളർഷിപ്പ് വിതരണം ചെയ്തു.‘വേനൽ പാഠം’ എന്ന പദ്ധതിയിലൂടെ ജില്ലയിലെ കുട്ടികളുടെ കായികക്ഷമത ഉയർത്തുന്നതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി സ്പോർട്സ് കിറ്റുകളും വിതരണം ചെയ്തിരുന്നു.
ജില്ലയിലെ കുട്ടികളുടെ പഠന നിലവാരവും മാനസിക ആരോഗ്യവും കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ച് പുതിയ വിദ്യാഭ്യാസ-മാനസികാരോഗ്യ പദ്ധതികൾ രൂപപ്പെടുത്തുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ലിയോ തേർട്ടീൻത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡി ഡി എജുക്കേഷൻ ശ്രീലത, ബ്രൈറ്റ് ലാൻഡ് ഡിസ്കവറി സ്കൂൾ ചെയർപേഴ്സൺ ഉഷ വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ജില്ലാ വിമുക്തി കോ – ഓർഡിനേറ്റർ അഞ്ജു എസ് റാം വിമുക്തി ക്ലാസ് നയിച്ചു.ശശികുമാർ ബാങ്കിംഗ് ക്ലാസും കെ വൈ എൽ എ അംഗം അഷ്ട്ടമി സന്തോഷ് മോട്ടിവേഷൻ ക്ലാസും നയിച്ചു.
