ജില്ലയിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി ഇലക്ടറല്‍ ഒബ്‌സര്‍വര്‍ കെ. ബിജു ആദ്യ സന്ദര്‍ശനം നടത്തി. ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ജില്ലയില്‍ മാപ് ചെയ്യാന്‍ കഴിയാത്ത 1,61,661 പേരെ പരമാവധി പരിശോധിച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ബൂത്ത് പുനക്രമീകരണവുമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഒബ്സര്‍വര്‍ നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തില്‍ ഇ.ആര്‍.ഒ, എ.ഇ.ആര്‍.ഒ എന്നിവരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗങ്ങള്‍ ചേരും. ബി.എല്‍.ഒമാരുടെ നേതൃത്വത്തില്‍ ബി.എല്‍.എമാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗങ്ങള്‍ വിളിക്കാനും തീരുമാനിച്ചതായി ഒബ്സര്‍വര്‍ അറിയിച്ചു.
അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഇരട്ട വോട്ടുകള്‍ ഉണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കാന്‍ ഒബ്‌സര്‍വര്‍ നിര്‍ദ്ദേശം നല്‍കി. ജീവിച്ചിരിക്കുന്നവര്‍ മരിച്ചതായി രേഖപ്പെടുത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹം കഴിച്ച് എത്തിയവര്‍ തുടങ്ങിയവരുടെ പരാതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. വാര്‍ഡ് തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി മോണിറ്ററിങ് നടത്തണമെന്നും ബി.എല്‍.ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന് ആര്‍.ഒമാര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഒബ്‌സര്‍വര്‍ വ്യക്തമാക്കി.
പുതിയ വോട്ടര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഒരു വീട്ടിലെ അംഗങ്ങള്‍ വ്യത്യസ്ത ബൂത്തുകളില്‍ വരുന്നത് ഒഴിവാക്കാനും കൂടുതല്‍ ആളുകളുള്ള ചെറിയ ബൂത്തുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും യോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ പേര്‍ ഒഴിവാക്കപ്പെട്ട ബൂത്തുകളില്‍ പ്രത്യേക യോഗങ്ങള്‍ ചേരാനും തീരുമാനിച്ചു. എം.എല്‍.എമാരായ മുഹമ്മദ് മുഹ്‌സിന്‍, എ. പ്രഭാകരന്‍, കെ. ബാബു, അസിസ്റ്റന്റ് കളക്ടര്‍ രവി മീണ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, ആര്‍.ഡി.ഒ കെ. മണികണ്ഠന്‍, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍)എസ്. അല്‍ഫ, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
