സംസ്ഥാന സ്കൂൾ കലോത്സവം സ്വർണ്ണക്കപ്പ് പ്രയാണ ജാഥക്ക് ജില്ലയിലെ മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ ജനുവരി ഏഴിന് വൈകിട്ടോടെയാണ് മുട്ടിലിൽ എത്തിയത്. ജനപ്രതിനിധകൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, വിദ്യാർത്ഥികൾ ഉൾപ്പെട്ട ജനാവലി ശബ്ദഘോഷങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ ആഘോഷപൂർവ്വം ജാഥയെ വരവേറ്റു.
സ്കൗട്ട്, ഗൈഡ്സ്, എൻ.സി.സി കേഡറ്റുകൾ, എൻ. എസ്. എസ് വളണ്ടിയർമാർ ജാഥയെ അനുഗമിച്ചു. ജില്ലയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷനായ സ്വീകരണ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ, സംസ്ഥാന പരീക്ഷ ജോയിന്റ് കമ്മീഷണർ ഡോക്ടർ ഗിരീഷ് ചോലയിൽ, ഡബ്ല്യൂ. എം.ഒ സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ, പ്രിൻസിപ്പാൾ എൻ. യു അൻവർഗൗസ്, പി.ടി.എ പ്രസിഡന്റ് അഷ്റഫ് കൊട്ടാരം എന്നിവർ സംസാരിച്ചു.
