കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മലപ്പുറം ജില്ലാതല മത്സരം ജനുവരി 30ന് മേല്‍മുറി മഅ്ദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. സ്‌കൂള്‍തല മത്സരം രാവിലെ 10നും കോളെജ് തല മത്സരം ഉച്ചയ്ക്ക് 2.30നുമാണ് നടക്കുന്നത്. സ്‌കൂള്‍തല മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതിനും കോളെജുതല മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ രാവിലെ 11.30നും ആരംഭിക്കും. സ്‌കൂള്‍തല വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 80 വിദ്യാര്‍ഥികളും കോളെജുകളിലെ മത്സരങ്ങളില്‍ യോഗ്യത നേടിയ 300 വിദ്യാര്‍ഥികളുമാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്. മത്സരത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ സ്ഥാപനത്തിന്റെ ഐ.ഡി.കാര്‍ഡും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും കൊണ്ടുവരണം.
ജില്ലാതല പ്രാഥമിക റൗണ്ടുകളില്‍ നിന്നും ആറു ടീമുകള്‍ അന്തിമ റൗണ്ടിലേക്ക് യോഗ്യത നേടും. ജില്ലാ തല മത്സരത്തില്‍ വിജയികളായ മൂന്നു ടീമുകള്‍ വീതം ഫെബ്രുവരി മൂന്നാം വാരം നടക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കും. സ്‌കൂള്‍തല ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. കോളേജ്തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും. ജില്ലാതല മത്സര വിജയികള്‍ക്ക് മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിന്റെ ആദ്യഘട്ട മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഉള്‍പ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ cmmegaquiz.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും
