ഇടുക്കി കഞ്ഞിക്കുഴിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മുടങ്ങി കിടക്കുന്ന കിടത്തി ചികിത്സ ഫെബ്രുവരി 15 മുതല്‍ പുനരാരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കിടത്തി ചികിത്സ ഉടന്‍ പുനരാരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാല്‍കുളമേട് വ്യൂ പോയിന്റ് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നതിനുള്ള നടപടി ഫെബ്രുവരി 10ന് മുന്‍പായി സ്വീകരിക്കണം. കോട്ടയം ഡിഎഫ്ഒയെ ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ പാല്‍കുളമേട് വ്യൂ പോയിന്റ്  തുറന്ന് നല്‍ക്കാന്‍ തീരുമാനിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകള്‍ അഞ്ച് വര്‍ഷത്തേക്കായി ആസൂത്രണം ചെയ്ത പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി ആറിന് വികസന സെമിനാര്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജലക്ഷാമം തടയുന്നതിനായി ജില്ലയിലുള്ള കനാലുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഇറിഗേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് ലഭ്യമാക്കണം. സ്‌കൂളിലും പൊതുനിരത്തുകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ ശൗചാലയങ്ങള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലാ വികസന സമിതിയുടെ നിര്‍ദ്ദേശപ്രകാരം രാജാക്കാട് സെക്ഷന്‍ പരിധിയിലുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ മുകളിലൂടെയുള്ള അപകടകരമായ ഇലക്ട്രിക് ലൈന്‍ മാറ്റിയതായി കെ. എസ്. ഇ. ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 61 അംഗനവാടികള്‍ക്ക് സ്ഥലം ലഭ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.

അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്‌നസിന്റെ അപേക്ഷ മാര്‍ച്ച് 31ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
അണ്‍ഫിറ്റായി കണ്ടെത്തുന്ന എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതല്ല എന്ന വിവരവും സ്‌കൂളുകളില്‍ അറിയിച്ചിട്ടുണ്ട്.

സമ്പൂര്‍ണ്ണത അഭിയാന്‍ 2.0 അസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ഷീല സ്റ്റീഫന്‍ നിര്‍വഹിച്ചു.

ഐടി മിഷന്‍ ‘നമ്മുടെ കേരളം’ ഏകീകൃത സേവന വിതരണ പ്ലാറ്റ്‌ഫോമിന്റെ സോഫ്റ്റ്വെയര്‍ അവതരണവും ജില്ലയിലെ കുട്ടികള്‍ക്കായുള്ള പ്രത്യേക ലഹരി വിമുക്ത ചികിത്സാകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചയും യോഗത്തില്‍ നടന്നു.

വികസന സമിതി യോഗത്തില്‍ ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി.ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.