ഭിന്നശേഷിക്കാരുടെ സൗകര്യാര്‍ഥം കാതോലിക്കേറ്റ് കോളജില്‍ നിര്‍മിച്ച റാമ്പ് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ.ജി.ഹരികുമാര്‍ നേരില്‍ കണ്ട് വിലയിരുത്തി. ഭിന്നശേഷിക്കാര്‍ക്കായി കോളജില്‍ റാമ്പ് നിര്‍മിക്കണമെന്ന അഭ്യര്‍ഥന ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ കോളേജിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. നിലവില്‍ മെയിന്‍ ബ്ലോക്കിനോട് ചേര്‍ന്നുള്ള രണ്ട് റാമ്പുകളും ഭിന്നശേഷിക്കാര്‍ക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് റാമ്പ് നിര്‍മിക്കണമെന്ന് കമ്മീഷന്‍ കോളജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയ അന്നുതന്നെ റാമ്പ് നിര്‍മിക്കുകയായിരുന്നു. തുടര്‍ന്ന് വീല്‍ ചെയര്‍ എത്താന്‍ പര്യാപ്തമായ രീതിയില്‍ ശുചിമുറി നിര്‍മിക്കണമെന്ന കമ്മീഷന്റെ നിര്‍ദേശവും അംഗീകരിച്ച് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
കോളജ് അധികൃതരായ സുനില്‍ ജേക്കബ്, ഫിലിപ്പോസ് ഉമ്മന്‍ എന്നിവരുമായി നടപടികള്‍ ചര്‍ച്ച ചെയ്ത ശേഷം പ്രവര്‍ത്തനങ്ങളില്‍ കമ്മീഷന്‍ സംതൃപ്തി രേഖപ്പെടുത്തി. ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ സുധീറും കമ്മീഷനോടൊപ്പമുണ്ടായിരുന്നു.