സംസ്ഥാനത്തിന്റെ നവോത്ഥാന സാമൂഹ്യ പരിഷ്‌കരണ മുന്നേറ്റങ്ങളും സ്ത്രീപുരുഷ സമത്വവും ഉയർത്തിപ്പിടിക്കാനായുള്ള വനിതാമതിൽ തീർക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു. ജനുവരി ഒന്നിന് വൈകിട്ട് നാലിന് ജില്ലയുടെ വടക്കേ അതിർത്തിയായ കടമ്പാട്ടുകോണം മുതൽ വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമവരെയാണു വനിതാമതിൽ തീർക്കുന്നത്. മൂന്നു ലക്ഷം വനിതകളാകും തലസ്ഥാന നഗരവീഥികളിൽ മതിലൊരുക്കി ചരിത്രം സൃഷ്ടിക്കാനെത്തുക.
കടമ്പാട്ടുകോണം മുതൽ വെള്ളയമ്പലം വരെയുള്ള 43.5 കിലോമീറ്റർ നീളത്തിലാണ് വനിതാമതിൽ തീർക്കുന്നത്. പരിപാടിയുടെ വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ഇന്നലെ (ഡിസംബർ 12) കളക്ടറേറ്റിൽ ചേർന്നു. സ്ത്രീകൾക്ക് സമൂഹത്തിന്റെ എല്ലാ തുറകളിലും തുല്യ പങ്കാളിത്തം നൽകിയ ഏക സംസ്ഥാനമാണു കേരളമെന്നു യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ശബരിമല വിഷയവുമായി വനിതാമതിൽ ക്യാമ്പെയിന് യാതൊരു ബന്ധവുമില്ല. അത് മറ്റൊരു വിഷയമാണ്. അതു സംബന്ധിച്ച കാര്യങ്ങൾ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്താനുള്ള ചില ശ്രമങ്ങളെ തിരിച്ചറിയണം. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക, കേരളത്തെ ഇനിയും ഭ്രാന്താലയമാക്കാൻ പാടില്ല എന്നിവയാണ് വനിതാ മതിൽ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ. ലോകചരിത്രത്തിൽത്തന്നെ ഇത്തരമൊരു വനിതാ മുന്നേറ്റം ആദ്യമായാകണമെന്നും മന്ത്രി പറഞ്ഞു.
വനിതാ മതിലിന്റെ വിജയകരമായ നടത്തിപ്പിനായി ജില്ലാ കളക്ടർ കൺവീനറായും ജില്ലാ ഇൻഫർമേഷൻ ഓഫിസർ, ജില്ലാ സാമൂഹ്യ നീതി ഓഫിസർ എന്നിവർ ജോയിന്റ് കൺവീനർമാരായും വിവിധ സാമുദായിക പ്രതിനിധികൾ അംഗങ്ങളായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളിലേയും സർക്കാർ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥ പ്രതിനിധികൾ, സർവീസ് സംഘടനകളുടെ ജില്ലാ ഭാരവാഹികൾ എന്നിവരാണ് സംഘാടക സമിതി എക്‌സിക്യൂട്ടിവ് അംഗങ്ങൾ.
നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള യോഗങ്ങൾ ഡിസംബർ 18നു മുൻപു പൂർത്തിയാക്കും. 20നു മുൻപ് തദ്ദേശ സ്ഥാപനതലത്തിലും യോഗങ്ങൾ ചേരും. ഇതിനു ശേഷം മറ്റ് സർക്കാരിതര, സാംസ്‌കാരിക, സർവീസ് സംഘടനകളുടെ യോഗവും നടക്കും. ഡിസംബർ 20 മുതൽ 24 വരെ എല്ലാ വാർഡുകളിലും ഭവന സന്ദർസനം നടത്തും.
ജനുവരി ഒന്നിന് വൈകിട്ട് നാലിനാണ് വനിതാ മതിൽ ഒരുക്കുക. മൂന്നരയ്ക്കു ട്രയൽ റണ്ണും നാലു മണിക്ക് പ്രതിജ്ഞയും ചൊല്ലും. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പരിപാടിയുടെ ഭാഗമായി അയ്യൻകാളി പ്രതിമ, പബ്ലിക് ഓഫിസ്, വികാസ് ഭവൻ, പട്ടം, കേശവദാസപുരം, ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, കാര്യവട്ടം, കണിയാപുരം, മംഗലപുരം, കോരാണി, മാമം, ആറ്റിങ്ങൽ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, കച്ചേരിനട, ആലംകോട്, കല്ലമ്പലം, നാവായിക്കുളം, കടമ്പനാട്ടുകോണം എന്നിവിടങ്ങളിൽ പൊതുയോഗങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, കിലെ ചെയർമാൻ വി. ശിവൻകുട്ടി, ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാർ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, എ.ഡി.എം. വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർമാർ ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, ഡെപ്യൂട്ടി കളക്ടർമാർ, സാമുദായിക സംഘടനാ നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ജില്ലയിലെ വിവിധ ഓഫിസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.