ലോകത്ത് ഒരിടത്തും ക്ഷേത്രങ്ങളിൽ ക്രിസ്ത്യാനികൾ ജോലിചെയ്യുന്നില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും നാടിനെ രണ്ടായി വിഭജിക്കാനുള്ള ശ്രമങ്ങളുടെ ഭാഗവുമാണെന്നു മന്ത്രി പറഞ്ഞു.  തിരുവനന്തപുരം കളക്ടറേറ്റിൽ വനിതാ മതിൽ ക്യാമ്പെയ്‌നിന്റെ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങളിൽ ക്രിസ്ത്യാനികൾ ജോലിചെയ്യുന്നുവെന്ന പ്രചാരണത്തിനെതിരേ പ്രതികരിച്ചതിനു തനിക്കെതിരേ ഒരു കോടി രൂപയുടെ നോട്ടിസ് അയച്ചിരിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. മതത്തിന്റെയും ജാതിയുടേയും പേരുപറഞ്ഞ് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. കേട്ടാൽ പ്രതികരിക്കാതിരിക്കാനാകാത്ത പരാമർശങ്ങളാണ് ഇക്കൂട്ടരിൽനിന്നുണ്ടാകുന്നത്.

കേരളത്തിലെന്നല്ല ലോകത്തൊരു ക്ഷേത്രത്തിലും ക്രിസ്ത്യാനികൾ ജോലി ചെയ്യുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നല്ല ഒരു ദേവസ്വം ബോർഡിനു കീഴിലും ക്രിസ്ത്യാനികൾ ജോലി ചെയ്യുന്നില്ല. അതൊരു വാസ്തവമാണ്. ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള അമേരിക്കയിൽ ക്ഷേത്രങ്ങളുണ്ട്. പക്ഷേ ആ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്നത് അമേരിക്കയിലെ ഹിന്ദുക്കൾതന്നെയായിരിക്കും. മറിച്ചുള്ള പ്രചാരണങ്ങൾ നാടിനെ രണ്ടായി വിഭജിക്കാനും ആളുകളുടെ മനസിൽ വിഷം കുത്തിവയ്ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.