കേരള സംസ്ഥാന യുവജന കമ്മീഷന്‍ നടത്തിയ പാലക്കാട് ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പാലക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ 23 പരാതികൾ പരിഗണിച്ചു. ശേഷിക്കുന്ന 11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. 4 പരാതികൾ പുതുതായി ലഭിച്ചു. യുവജനങ്ങളിലെ ജീവിതശൈലീമാറ്റങ്ങളെയും മാനസികക്ഷേമത്തെയും സംബന്ധിച്ച് യുവജന കമ്മീഷൻ നടത്തുന്ന ശാസ്ത്രീയപഠനത്തിന് തുടക്കം കുറിച്ചതായി കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ പറഞ്ഞു.

സംസ്ഥാനത്തെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠനവിധേയമാക്കുകയാണ് ലക്ഷ്യമെന്നും, പഠനത്തിൻ്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കുമെന്നും, ഈ വിഷയത്തോടനുബന്ധിച്ച് നാഷണൽ യൂത്ത് സെമിനാർ ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ പരിശീലന സ്ഥാപനത്തിൽ അന്യായമായി വാങ്ങിയ ഫീസ് തിരികെ ലഭിക്കുന്നത്, വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളം കുടിശ്ശിക ലഭിക്കുന്നത്, ഗാർഹിക പീഢനം, സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, സ്വകാര്യസ്ഥാപനത്തിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്, സൈബർ -തൊഴിൽ തട്ടിവ്, പി.എസ്.സി തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ കെ. ഷാജഹാൻ, പി.സി വിജിത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, അസിസ്റ്റന്റ് പി അഭിഷേക് എന്നിവർ പങ്കെടുത്തു.