മലപ്പുറത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ പകര്‍ന്ന് കേരള കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – മിഷന്‍ ഓണ്‍ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി 2025-26 പ്രകാരം സംഘടിപ്പിക്കുന്ന ജില്ലാതല കാര്‍ഷിക പ്രദര്‍ശന വിപണന മേള ‘ഹോര്‍ട്ടി മഹോത്സവ് 2026’ ന് തുടക്കമായി. ജില്ലാ സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദഘാടനം ചെയ്തു. വിഷരഹിത കൃഷി സാധ്യമാക്കാന്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കണമെന്നും എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ കാര്‍ഷികരംഗത്ത് വിപ്ലവകരമായ മാറ്റം കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ബീന ചടങ്ങില്‍ അധ്യക്ഷയായി.

ഫെബ്രുവരി ആര്, ഏഴ് തീയതികളിലായി നടക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേളയില്‍ വിവിധയിനം പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ മുതലായവയുടെ നടീല്‍ വസ്തുക്കള്‍, നാടന്‍ പഴം-പച്ചക്കറികള്‍, വിവിധ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, തേനുത്പന്നങ്ങള്‍, കൂണ്‍ കൃഷി യൂണിറ്റുകള്‍, കൂണ്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശന-വിപണനവും കാര്‍ഷിക യന്ത്രങ്ങള്‍, സൂക്ഷ്മ ജലസേചനം എന്നിവയുടെ രജിസ്‌ട്രേഷന്‍, ഹൈഡ്രോപോണിക്സ് കൃഷി മാതൃക, മണ്ണ് പരിശോധന തുടങ്ങിയവയും ഉണ്ടായിരിക്കും. മേളയോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാര്‍ഷിക മേഖലയിലെ വിഷയങ്ങളെ ആസ്പദമാക്കി പരിശീലന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഐ.എഫ് സോണല്‍ കോര്‍ഡിനേറ്റര്‍ ടി.എസ്. സുധാറാണിയുടെ നേതൃത്വത്തില്‍ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ – അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് സാധ്യതകള്‍ എന്ന വിഷയത്തിലും ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. സൈഫുന്നീസയുടെ നേതൃത്വത്തില്‍ എം.ഐ.ഡി.എച്ച് പദ്ധതികളുടെ സാധ്യതകള്‍, എം.ഐ.ഡി.എച്ച് പദ്ധതികള്‍ എങ്ങനെ നടപ്പിലാക്കാം എന്നീ വിഷയങ്ങളിലും പെരിന്തല്‍മണ്ണ തനിഅര്‍ബന്‍ ഫാമിങ് സര്‍വീസസ് പ്രതിനിധി പി.എസ്. സച്ചിന്റെ നേതൃത്വത്തില്‍ ഹൈഡ്രോപോണിക്‌സ് കൃഷി എന്ന വിഷയത്തിലും കൃഷി ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടന്നു. നാളെ (ഫെബ്രുവരി ഏഴ്) രാവിലെ 10 മുതല്‍ ഒന്നു വരെ റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ.ജെ. വിവന്‍സിയുടെ നേതൃത്വത്തില്‍ പച്ചക്കറി വിളകളിലെ കൃത്യതാകൃഷി എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്ക് പരിശീലന പരിപാടി നടക്കും.

ചടങ്ങില്‍ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രൊഫസര്‍ ആന്‍ഡ് ഹെഡ് ഡോ. മുസ്തഫ കുന്നത്തൊടി, ജില്ലാ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) ലിയാ ജോയ് , രാഷ്ട്രീയ പ്രതിനിധികളായ എം.കെ മുഹ്സിന്‍, സുന്ദരന്‍ വില്ലോടി, കെ.എം ജോസ് , കെ.പി രാമനാഥന്‍, രാജേഷ് കൊന്നത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്) ടി.കെ സൈഫുന്നീസ സ്വാഗതവും അങ്ങാടിപ്പുറം കൃഷി അസിസ്റ്റന്റ ഡയറക്ടര്‍ ഷുഹൈബ് തൊട്ടിയന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ കൃഷി ഉദ്യോഗസ്ഥരും കര്‍ഷകരും പങ്കെടുത്തു