* നോർക്ക പി.ഡി.ഒ.പി ജനറിക് സംഘടിപ്പിച്ചു
വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്നവർക്ക് സുരക്ഷിത കുടിയേറ്റത് മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്ന നോർക്ക റൂട്ട്‌സ് പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) സംഘടിപ്പിച്ചു. സൗജന്യ ഏകദിന പരിശീലന പരിപാടിയിൽ രജിസ്‌ട്രേഡ് നഴ്‌സുമാർ മറ്റ് സ്‌കിൽഡ് പ്രൊഫഷണലുകൾ (നഴ്‌സിംഗ് ഇതര വിഭാഗങ്ങൾ) ഉൾപ്പെടെ 270 ഓളം പേർ പങ്കെടുത്തു. തിരുവനന്തപുരം തൈക്കാടുളള ലെമൺ ട്രീ ഹോട്ടലിൽ സംഘടിപ്പിച്ച പ്രോഗ്രാം നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടി.വി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി സ്വാഗതവും, വിദേശ റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജർ പ്രകാശ് പി ജോസഫ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പരിശീന സെഷനുകളിൽ നോർക്ക വകുപ്പിന്റെയും നോർക്ക റൂട്ട്‌സിന്റെയും പ്രവർത്തനങ്ങൾ അജിത് കോളശ്ശേരി വിശദീകരിച്ചു.

വിദേശ തൊഴിൽ കുടിയേറ്റം; അടിസ്ഥാന മാർഗനിർദേശങ്ങൾ എന്ന വിഷയത്തിൽ നോർക്ക പി.ഡി.ഒ.പി ട്രെയിനർ, ബിജേഷ് പി ബിജു, നൈപുണ്യ പരിശീലനവും സുരക്ഷിത കുടിയേറ്റവും എന്ന വിഷയത്തിൽ നോർക്ക റൂട്ട്‌സ് വിദേശ റിക്രൂട്ട്‌മെന്റ് വിഭാഗം അസി. മാനേജർ സാനു കുമാർ എസ്, എൻ.ആർ.ഐ അക്കൗണ്ടുകളും സാമ്പത്തിക മാനേജ്‌മെന്റും എന്ന വിഷയത്തിൽ ഇന്ത്യൻ ബാങ്ക് പ്രതിനിധി ജോസ് സ്‌കറിയ, സി.വി തയ്യാറാക്കൽ, അഭിമുഖങ്ങൾക്ക് തയ്യാറെടുക്കൽ വിഷയത്തിൽ നോർക്ക പി.ഡി.ഒ.പി ട്രെയിനർമാരായ മുഹമ്മദ് ഹാഷിം, നീതു കൃഷ്ണ, യൂറോപ്പിലെ അവസരങ്ങൾ എന്ന വിഷയത്തിൽ ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ പ്രതിനിധിയും നോർക്ക ട്രിപ്പിൾ വിൻ കേരള പ്രോഗ്രാം മാനേജറുമായ ലിജു ജോർജ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
