കൊച്ചി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) യുടെ നേതൃത്വത്തില്‍ കര്‍ഷക പരിശീലന പരിപാടിയും കര്‍ഷക അവാര്‍ഡ് വിതരണവും നടന്നു. പരിപാടി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. എറണാകുളം ആത്മ, പറവൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷക മുഖാമുഖം, കിസാന്‍ ഘോഷ്ടി എന്നിവയും സംഘടിപ്പിച്ചു. വൈപ്പിന്‍, പാറക്കടവ്, ഇടപ്പള്ളി, പറവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ മുന്നൂറോളം കര്‍ഷകരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
പറവൂര്‍ ബ്ലോക്കിലെ മികച്ച കര്‍ഷകരായി എം.ബി റപ്പായി, ഹാരിസണ്‍ എന്‍.എ, കെ.എന്‍ ചന്ദ്രന്‍ എന്നിവരെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് പതിനായിരം രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ആശ രവി പുനര്‍ജനി കര്‍ഷക പദ്ധതി വിശദീകരണം നടത്തി. ആത്മ പദ്ധതിയെപ്പറ്റി എറണാകുളം ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ മായ എസ്. നായര്‍ വിശദീകരിച്ചു.
പ്രളയാനന്തര കീടരോഗ നിയന്ത്രണം, ജൈവകൃഷി പരിപാലന മുറകള്‍, പ്രളയാനന്തര മണ്ണ് പരിപാലന മുറകള്‍ എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്ക് ക്ലാസുകള്‍ നല്‍കി. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍മാരായ ഡോ. പി.ജെ ജോസഫ്, ഡോ. പി. എസ് ജോണ്‍, എറണാകുളം കൃഷി വിജ്ഞാന്‍ കേരളയിലെ ഡോ. ഷോജി ജോയ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. പ്രളയാനന്തരം കീടങ്ങളുടെ ആക്രമണത്തില്‍ കൃഷിനാശം സംഭവിച്ച കോട്ടുവള്ളി, ചേന്ദമംഗലം പഞ്ചായത്തുകളിലെ പച്ചക്കറി, വാഴ കൃഷിത്തോട്ടങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശാന്ത, പൊക്കാളി നിലം വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ കെ.എം ദിനകരന്‍, പറവൂര്‍ ഡി.ഇ.ഒ സ്വാമിനാഥന്‍, കോട്ടുവള്ളി പഞ്ചായത്ത് കൃഷി ഓഫീസര്‍ റെയ്ഹാന കെ.സി, പറവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സോഫിയ എ.എ, ഡി.എഫ്.എ.സി അംഗം എന്‍.എ പൗലോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.