കാക്കനാട്: പരിശീലനത്തോടൊപ്പം തുടര്‍ പ്രവര്‍ത്തനങ്ങളുമുണ്ടായാലേ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ കഴിയൂവെന്ന് ഡപ്യൂട്ടി കളക്ടര്‍ എം.വി.സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതിയും (എന്‍.സി.ആര്‍.എം.പി) ജില്ലാ ദുരന്ത നിവാരണ വകുപ്പും സംയുക്തമായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കായി നടത്തിയ ജില്ലാ തല ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ നാളുകളായി പ്രകൃതി ദുരന്തങ്ങള്‍ കേരളത്തെ വിടാതെ പിന്തുടരുന്നുണ്ട്. സുനാമിയും ഓഖിയും പ്രളയവും ഗജയുമെല്ലാം അതില്‍ പെടുന്നു.ഇതിന് പുറമേ കേരളം ഭൂകമ്പാ സാധ്യതാ പട്ടികയിലും മുന്‍പന്തിയിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പരിശീലനത്തിനും ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രളയകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നെന്ന് സെമിനാറില്‍ ക്ലാസ് നയിച്ച ആലുവ താലൂക്കാശുപത്രിയിലെ ഡോ: എം.എം.ഹനീഷ് പറഞ്ഞു. ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തും സാധ്യമാകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ആ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന ദുരന്ത നിവാരണ മാനേജ് മെന്റിനെ കുറിച്ച് ഡോ.ഉമ വാസുദേവനും ക്ലാസെടുത്തു. എന്‍.സി.ആര്‍.എം.പിയുടെ സഹകരണത്തോടെ നടക്കുന്ന രണ്ടാം ഘട്ട ദുരന്ത നിവാരണ ശില്‍പശാലയാണ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരടക്കമുള്ള അമ്പതോളം ജീവനക്കാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ആദ്യ ഘട്ടത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിയത്. ദുരന്ത നിവാരണ പ്രവര്‍ത്തന രംഗത്ത് ഓരോ വകുപ്പിന്റെയും കാര്യശേഷി വര്‍ധിപ്പിക്കലാണ് പരിശീലനത്തിന്റെ ലക്ഷ്യം.
