ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തന മികവിന് മഹാത്മാ പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ എടവക ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രിയാത്മകമായ പ്രവർത്തികൾ ഏറ്റെടുത്ത് 11.12 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാന തലത്തിൽ പഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചത്. 2.47 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് 7.92 കോടി കൂലിയിനത്തിലും 2.97 കോടി മെറ്റീരിയൽസ് ഇനത്തിലും തനത് വർഷം ചെലവഴിച്ചു.

2577 കുടുംബങ്ങളാണ് ഈ സാമ്പത്തിക വർഷം തൊഴിലിനിറങ്ങിയത്. ഇതിൽ 1544 കുടുംബം 100 തൊഴിൽ ദിനങ്ങൾ പൂർത്തികരിക്കുകയും, 55 എസ്.ടി കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ സാധിച്ചു. മെറ്റിരിയൽസ് ഘടകത്തിൽ 297 കോടി രൂപ ചെലവഴിച്ചതിൽ 53 റോഡ്, 4 കൾവേർട്ട്,7 ഡ്രൈനേജ് 14 കുളങ്ങൾ തുടങ്ങി ഗ്രാമീണ അടിസ്ഥാന സൗകര്യം ഉറപ്പാക്കി. മാലിന്യ സംസ്‌കരണം, ശുചിത്വം മേഖലയിൽ സോക്ക്പിറ്റുകൾ, കംമ്പോസ്റ്റ് പിറ്റുകൾ, മിനി എം.സി. എഫുകൾ എന്നിവ നിർമ്മിച്ചു. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെടുത്തി ക്ഷീര മേഖലയിൽ തൊഴുത്ത്, തീറ്റപുൽ കൃഷി, ആട്ടിൻകൂട്,കോഴിക്കൂട്,അസോള ടാങ്ക് തുടങ്ങിയവ വ്യക്തികളുടെ ആസ്‌തി വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കി.അമ്യത സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ പൊതുകുളങ്ങൾ നവീകരിച്ചു. വളർച്ച പ്രതിരോധത്തിന് തോട് പുനരുദ്ധാരണം തുടങ്ങിയ വികസന പ്രവർത്തനങ്ങളിലൂടെ തൊഴിലുറപ്പ് പദ്ധതിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി.

ജില്ലാതലത്തിൽ പൊഴുതന ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി.പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്ക് 133.51 ശരാശരിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കി വിവിധങ്ങളായ പ്രവര്‍ത്തികൾ നടപ്പിലാക്കി ആകെ 7.18 കോടി രൂപ ചെലവഴിച്ചു. 203208 തൊഴിൽ ദിനങ്ങളാണ് സാമ്പത്തിക വര്‍ഷം സൃഷ്ടിച്ചത്. അതിൽ 104729 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചത് പട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ്.ജില്ലാതലത്തിൽ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 10.84 കോടി രൂപ ചെലവഴിച്ചാണ് മികച്ച നേട്ടം കൈവരിച്ചത്. പഞ്ചായത്തിലെ 3262 കുടുംബങ്ങളാണ് തൊഴിലിനിറങ്ങിയത്. ഇതിൽ 1615 കുടുംബങ്ങൾ നൂറു ദിനം പൂർത്തീകരിച്ചു.