വാഴവര നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുതിയ ലാബിന്റെയും പ്രവര്‍ത്തനോദ്ഘാടനം കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. സൗജന്യ ജനറല്‍, സ്‌പെഷ്യാലിറ്റി ഒപി, ലബോറട്ടറി, മരുന്ന് വിതരണം, ടെലി മെഡിസിന്‍ സംവിധാനം, കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍, ചൊവ്വാഴ്ച്ചകളില്‍ ന്യൂട്രീഷന്‍ സേവനം, വ്യാഴാഴ്ച്ചകളില്‍ ഇ എന്‍ ടി – ഒ പി, ജീവിത ശൈലി, സാംക്രമിക രോഗങ്ങളുടെ സൗജന്യ നിര്‍ണയവും ചികില്‍സയും ഗര്‍ഭകാല പരിചരണവും, കൗമാര്യ ആരോഗ്യ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്, ശ്വാസകോശ രോഗങ്ങള്‍ക്കുള്ള ക്ലിനിക്, ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍  കേന്ദ്രത്തില്‍ ലഭിക്കും.

കട്ടപ്പന നഗരസഭയുടെ തനതുഫണ്ടായ 75ലക്ഷം രൂപയും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച 30 ലക്ഷം രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുഖേന ഹെല്‍ത്ത് ഗ്രാന്റ് 5.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം പൂര്‍ത്തീകരിച്ചത്. വാടകകെട്ടിടത്തിലായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം.

ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജെസി ബെന്നി, വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി അഗസ്റ്റിന്‍, മെഡിക്കല്‍ ഓഫീസര്‍ ജസ് ജോയ്, ആശുപത്രി ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.