പട്ടയ വിതരണത്തില്‍ വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. വാഗമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പ് വളരെ ശ്രദ്ധേയമായ കാലഘട്ടമാണിതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ അത്ഭുതകരമായ മാറ്റമുണ്ടാക്കി പട്ടയ വിതരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു.
2016 മുതല്‍ 2021 വരെയുളള കാലയളവില്‍ 1.70 ലക്ഷത്തിലധികം പട്ടയങ്ങള്‍ നല്‍കി. കേരളചരിത്രത്തില്‍ ആദ്യമായി പട്ടയമിഷന്‍ രൂപീകരിച്ചു. നാലരലക്ഷം കുടുംബങ്ങളെ ഇതിനോടകം ഭൂമിയുടെ അവകാശികളാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ റീ സര്‍വ്വേയില്‍ 10 ലക്ഷത്തിലധികം ഭൂമി അളന്ന് തിട്ടപ്പെടുത്തി. വില്ലേജ് ഓഫീസില്‍ നിന്ന് ലഭ്യമാക്കേണ്ട 21 സര്‍ട്ടിഫിക്കറ്റുകള്‍ വിദേശ രാജ്യത്തിരുന്ന് സ്വന്തമാക്കാം.
എല്ലാ വിവരങ്ങളും ഒറ്റചിപ്പ് ഘടിപ്പിച്ച കാര്‍ഡില്‍ ഉള്‍ക്കൊള്ളുന്ന റവന്യൂ കാര്‍ഡ് ഈ മാസം 24ന് പുറത്തിറക്കും. കേരളത്തില്‍ 673 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉണ്ട്. കൂടാതെ, 400 ലധികം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറി. 283 ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വാഗമണ്‍ സെന്റ്. ആന്റണീസ് പള്ളി പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ. എസ് ഉമര്‍ ഫറൂഖ് ശിലാസ്ഥാപനം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മായാ സുജി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ മിനി. കെ ജോണ്‍, പീരുമേട് തഹസില്‍ദാര്‍ സന്തോഷ് വി,റവന്യൂ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
