പൊതുസേവനങ്ങളിലും ഭരണരംഗത്തും ഡിജിറ്റൽ വിപ്ലവം ലക്ഷ്യമിട്ടുകൊണ്ടുള്ള ബൃഹത്തായ ചുവടുവെപ്പായി ‘നമ്മുടെ കേരളം’ വെബ് പോർട്ടലിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. സംസ്ഥാനത്തിന്റെ ഭരണനിർവ്വഹണ ചരിത്രത്തിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന സംവിധാനങ്ങൾ ആണ് ‘നമ്മുടെ കേരളം’ മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും.
ഐടി മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, സി-ഡിറ്റ് എന്നിവർ സംയുക്തമായാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ‘മൊബൈൽ ഫസ്റ്റ്, മലയാളം ഫസ്റ്റ്’ എന്ന സർക്കാരിന്റെ നയം കൃത്യമായി നടപ്പാക്കുന്ന ഒന്നാണ് ഈ പ്ലാറ്റ്ഫോമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്മാർട്ട് ഫോണിലൂടെ മലയാള ഭാഷയിൽ തന്നെ സർക്കാരിനെ ബന്ധപ്പെടാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണക്കാർക്കും വളരെ ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.
പൊതുജനങ്ങൾക്ക് ആവശ്യമായ ഒട്ടുമിക്ക സർക്കാർ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. അപേക്ഷകൾ നൽകിയാൽ അതിന്റെ പുരോഗതി അറിയാൻ ഇനി ഓഫീസുകളിൽ നേരിട്ട് വിളിച്ചു ചോദിക്കേണ്ടതില്ല. അപേക്ഷയുടെ തൽസമയ വിവരങ്ങൾ എസ്എംഎസ് വഴിയും വാട്‌സാപ്പ് വഴിയും അപേക്ഷകന്റെ മൊബൈലിൽ നേരിട്ടെത്തും. ‘മീറ്റ് ആൻ ഒഫീഷ്യൽ’ എന്ന സവിശേഷ സംവിധാനത്തിലൂടെ ഉദ്യോഗസ്ഥരെ കാണാൻ മണിക്കൂറുകളോളം ഓഫീസുകളിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാകും. വീഡിയോ കോൾ വഴിയോ അല്ലെങ്കിൽ സമയം നേരത്തെ നിശ്ചയിച്ച് നേരിട്ടോ ഉദ്യോഗസ്ഥരുമായി സംവദിക്കാൻ ഇതിലൂടെ സാധിക്കും.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് പരാതികൾ നൽകുന്നതിനും അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ അത് വിജിലൻസിനെ അറിയിക്കുന്നതിനും ഇതിൽ സൗകര്യമുണ്ട്. കൂടാതെ, അപകടങ്ങളോ ദുരന്തങ്ങളോ അതിക്രമങ്ങളോ ഉണ്ടായാൽ ഉടനടി സഹായം ലഭ്യമാക്കാൻ എസ്ഒഎസ് (SOS) സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്. കെഫോൺ പദ്ധതിയിലൂടെ അതിവേഗ ഇന്റർനെറ്റ് ഓരോ വീട്ടിലും എത്തുന്നതോടെ ഈ ഡിജിറ്റൽ വിപ്ലവം പൂർണ്ണതയിലെത്തും.

ജനകേന്ദ്രീകൃതമായ ഇത്തരം ഇടപെടലുകൾക്കൊപ്പം തന്നെ നൂതന സാങ്കേതിക വ്യവസായങ്ങളെ കേരളത്തിന്റെ പൊതു ഉത്പാദന ധാരയുമായി ബന്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ കുതിച്ചുയരുന്ന ഐടി ഇലക്ട്രോണിക്‌സ് വിപണിയുടെ വലിയൊരു പങ്ക് നേടിയെടുക്കുന്നതിനായി കേരളത്തെ ഒരു ആഗോള വിജ്ഞാന സമ്പദ്‌വ്യവസ്ഥയായും ഇന്നവേഷൻ ഹബ്ബായും മാറ്റാൻ ലക്ഷ്യമിട്ടുള്ള ഐടി നയത്തിന് രൂപം നൽകിയിട്ടുണ്ട്. അടുത്ത അഞ്ചാറു വർഷത്തിനുള്ളിൽ രാജ്യത്തെ ഐടി വിപണിയുടെ നല്ലൊരു ഭാഗം കൈവരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പത്ത് ശതമാനമെങ്കിലും വിഹിതം ഉറപ്പാക്കി ഇതിന് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2030 ഓടെ ഏകദേശം 50 ബില്യൺ ഡോളറിന്റെ ഐടി വിപണിയായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഇതിലൂടെ 20,000 പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങുകയും ഏകദേശം രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഈ ഒരുഭാഗം ജോലികൾ ഹൈടെക് മേഖലയിലായിരിക്കും ഉണ്ടാകുക. ഡിജിറ്റൽ വിടവ് നികത്തിക്കൊണ്ട് ഡിജിറ്റൽ സമത്വം ഉറപ്പാക്കാൻ കെഫോൺ പദ്ധതിയിലൂടെ ഓരോ പൗരനും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കും. അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് പുതിയ ഐടി നയം വിഭാവനം ചെയ്യുന്നത്.
നിലവിലുള്ള ഐടി പാർക്കുകൾക്ക് പുറമേ സംസ്ഥാനത്തുടനീളം വികേന്ദ്രീകൃതമായ ഐടി ഹബ്ബുകളും സുസ്ഥിരമായ ഐടി ഇടനാഴികളും വികസിപ്പിക്കും. എല്ലാ ഐടി പാർക്കുകളിലും 5ജി കണക്ടിവിറ്റി ഉറപ്പാക്കുന്നതിനൊപ്പം സ്വകാര്യ ഐടി പാർക്കുകളെയും സർക്കാർ പ്രോത്സാഹിപ്പിക്കും. സർക്കാർ പാർക്കുകൾക്ക് തുല്യമായ പരിഗണന ഇവർക്കും നൽകും. ഭൂമിയുടെ ഉടമസ്ഥാവകാശം ജനങ്ങളിൽ നിലനിർത്തിക്കൊണ്ട് തന്നെ ഐടി വികസനം സാധ്യമാക്കുന്ന ‘ലാൻഡ് പൂളിംഗ്’ എന്ന നൂതന രീതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കും ഇന്നവേഷനും ഈ നയത്തിൽ പ്രത്യേക ഊന്നൽ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെറും സോഫ്റ്റ്‌വെയർ സേവനങ്ങൾക്ക് പകരം ഭൗതിക സ്വത്തവകാശത്തിൽ അധിഷ്ഠിതമായ ‘ഡീപ്പ് ടെക്’ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പിന്തുണ നൽകും. യൂണിവേഴ്സിറ്റികളിലെ ഗവേഷണങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ കേരള റിസർച്ച് ഇന്നവേഷൻ നെറ്റ്‌വർക്ക്, സെക്ടർ വൈസ് ആക്‌സിലറേറ്ററുകൾ, ഇന്നവേഷൻ ചലഞ്ച് ഫണ്ട് എന്നിവ സജ്ജമാക്കും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സംരംഭകത്വത്തിൽ നേരിട്ട് പങ്കാളികളാകാൻ പുതിയ നയത്തിൽ സൗകര്യമുണ്ട്. ഇതിനൊപ്പം ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും. സോഫ്റ്റ്‌വെയർ സേവനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ നൂതന സാങ്കേതിക വിദ്യാരംഗത്തെ കേരളത്തിന്റെ ഉൽപ്പന്നങ്ങളെ ‘കേരള ടെക്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഗോള നിലവാരത്തിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.

ജനറേറ്റീവ് എഐയുടെ വരവോടെ ഐടി മേഖലയിലെ സാധാരണ ജോലികൾക്ക് ഭീഷണി നേരിടുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളെ നേരിടാൻ ഉതകും വിധം കേരളത്തിലെ തൊഴിൽസേനയെ ആകെ നവീകരിക്കും. നമ്മുടെ ഐടി കമ്പനികളെയും തൊഴിലാളികളെയും ഡീപ് ടെക്‌നോളജിയിൽ അധിഷ്ഠിതമായി ശക്തിപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള വൈവിധ്യമാർന്ന ഇടപെടലുകളിലൂടെ വൈജ്ഞാനിക നൂതനത്വ നവകേരളമായി മാറാൻ നമുക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സി-ഡിറ്റിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ വെർച്വൽ ഉദ്ഘാടനവും കേരള സ്റ്റാർട്ടപ്പ് മിഷന്റെ പുതിയ പോർട്ടൽ ലോഞ്ചിംഗും മുഖ്യമന്ത്രി നിർവ്വഹിച്ചു. ഇലക്ട്രോണിക്‌സ് & ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു സ്വാഗതം പറഞ്ഞു. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസിലർ സജി ഗോപിനാഥ്, കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, സി-ഡിറ്റ് ഡയറക്ടർ ജയരാജ് ജി., കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
