വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം ഒരുക്കുന്ന പടവുകള്‍ പദ്ധതിയില്‍ ജില്ലയില്‍ ഇതു വരെ വിതരണം ചെയ്തത് 23.88 ലക്ഷം രൂപ. വനിതാ ശിശു വികസന വകുപ്പ് വിധവകളായ അമ്മമാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനാണ് ധനസഹായം നല്‍കുന്നത്. ആറ് ഘട്ടങ്ങളിലായി 38 വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 23,88,934 രൂപയുടെ സാമ്പത്തിക സഹായമാണ് ജില്ലയില്‍ വിതരണം ചെയ്തത്. പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്കാണ് ധനസഹായം നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ പുരോഗതിക്ക് പിന്തുണ നല്കി അര്‍ഹരായ ഗുണഭോക്താക്കളുടെ ശാക്തീകരണവും വിദ്യാഭ്യാസ സമത്വവും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
ഒരു കുടുംബത്തിലെ പരമാവധി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വരെ സഹായം ലഭിക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച, സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവരായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ അധികരിക്കരുത്. സര്‍ക്കാര്‍ തലത്തിലുള്ള മറ്റ് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍, (അങ്കണവാടി, ആശാവര്‍ക്കര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള) സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് ധനസഹായത്തിന് അര്‍ഹരല്ല. അനുവദിക്കുന്ന ധനസഹായം മാതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കുക. അര്‍ഹരായ ഗുണഭോക്താക്കള്‍ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 2024-25, 2025-26 വര്‍ഷത്തെ അപേക്ഷകള്‍ മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in ല്‍ ലഭിക്കും.
