കൊച്ചി: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടത്തിയ ജില്ലാതല ഏകദിന ശില്‍പ്പശാല ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ജനകീയ സംവിധാനത്തിന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിലെ അംഗമെന്ന നിലയില്‍ കുട്ടികളെ അംഗീകരിക്കുകയും അവരുടെ അവകാശങ്ങള്‍ സമ്മതിച്ച് നല്‍കുകയും വേണം. നല്ല വിദ്യാഭ്യസം, നല്ല ആരോഗ്യം, നല്ല ഭക്ഷണം എന്നീ അവകാശങ്ങള്‍ കുട്ടികള്‍ക്കുമുണ്ട് എന്നത് നമ്മള്‍ അംഗീകരിക്കണം. ശൈശവ വിവാഹം പോലുള്ള ആചാരങ്ങളുടെ പേരിലുള്ള കടുംപിടുത്തങ്ങള്‍ പലതും നീതി നിഷേധമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടലുകള്‍ ശക്തിപ്പെടുത്തേണ്ടത്. കുട്ടികള്‍ ഇന്ന് രക്ഷിതാക്കളാല്‍ വരെ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയാണ്. ഇത് കുട്ടികളുടെ മാനസിക അന്തരീക്ഷം തകര്‍ക്കും. അമ്മമാരെക്കൂടി ബോധവത്കരിക്കേണ്ട തരത്തില്‍ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാറേണ്ടതുണ്ട്.
സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതും കുട്ടികള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള ഡ്രസ് കോഡുകള്‍ മാറ്റുന്നതിനും അപ്പുറം അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണം ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. പങ്കാളിത്തം എന്ന വാക്കിന് ഇന്ന് സമൂഹത്തില്‍ വലിയ അര്‍ത്ഥമാണുള്ളത്. അവകാശ സംരക്ഷണത്തിന്റെ ആദ്യപടി കുടുംബങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. കുട്ടികളെ കേള്‍ക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണം. കുട്ടികളെ അംഗീകരിച്ച് മുന്നോട്ട് പോകുക എന്നത് വലിയ യജ്ഞമാണ്. ശില്പശാല നടത്തുന്നതിന്റെ ഉദ്ദേശങ്ങള്‍ ഗ്രാമതലത്തില്‍ വരെ എത്തിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ ശാക്തീകരണം – സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ സമീപനം, ബാല സംരക്ഷണ സംവിധാനങ്ങളും സേവനങ്ങളും, ബാലനീതി നിയമം / ഐ.സി.പി.എസ് പദ്ധതിയുടെ പശ്ചാത്തലത്തില്‍, കുട്ടികളുടെ അവകാശ സംരക്ഷണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ – പദ്ധതി രൂപീകരണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ. എം.പി ആന്റണി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന കെ.ബി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു എന്നിവര്‍ സെമിനാറുകള്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സുനില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈപ്പിന്‍ എംഎല്‍എ എസ്. ശര്‍മ, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി, വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ ജോഷി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് പീതാംബരന്‍, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.ജി അനൂപ്, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ്, പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: തദ്ദേശ സ്വയംഭരണ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടത്തുന്ന ഏകദിന ശില്പശാല ഫിഷറീസ് വകുപ്പ് മന്തി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു