മുളന്തുരുത്തി: ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ മണീട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ റാലി സംഘടിപ്പിച്ചു. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി മണീട് പഞ്ചായത്ത് വെട്ടിക്കല്‍ വെല്‍കെയര്‍ നഴ്‌സിംഗ് സ്‌കൂള്‍ എന്നിവര്‍ സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്.
മണീട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് ഫ്‌ലാഗ് ഓഫ് ചെയ്തു.
ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി വെല്‍കെയര്‍ നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മണീട് കവലയില്‍ തെരുവുനാടകം അവതരിപ്പിച്ചു. ജീവിതശൈലി രോഗങ്ങള്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാക്കുന്ന ആഘാതങ്ങളും അവയെ പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളും വിശദമാക്കുന്നതായിരുന്നു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവുനാടകം. ജാഥയിലും തെരുവുനാടക പ്രദര്‍ശനത്തിലും നിരവധി പേര്‍ പങ്കാളികളായി.
അടുത്തവര്‍ഷം ആരോഗ്യമേഖലയില്‍ പഞ്ചായത്ത് കൂടുതല്‍ തുക വകയിരുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ചെറുപ്പക്കാര്‍ക്കിടയില്‍ ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വിപിന്‍ മോഹന്‍ ചൂണ്ടിക്കാട്ടി. അമിത ഭക്ഷണം, ഫാസ്റ്റ് ഫുഡ് സംസ്‌കാരം, വ്യായാമമില്ലായ്മ എന്നിവ ചെറുപ്പക്കാരില്‍ ജീവിതശൈലി രോഗം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
എല്ലാ വ്യാഴാഴ്ചയും പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നടത്തുന്ന ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ (എന്‍.സി.ഡി ക്ലിനിക്ക്) പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗവുമായി ബന്ധപ്പെട്ട എല്ലാവിധ ലാബ് ടെസ്റ്റുകളും ഈ ക്ലിനിക്കില്‍ ലഭ്യമാണ്. ജീവിതശൈലീ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഒരുക്കുന്ന ഫലപ്രദമായ സംവിധാനമാണ് എന്‍.സി.ഡി ക്ലിനിക്കുകള്‍.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ജെ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ആലിസ് ബേബി, ഏലിയാസ് പി.ഐ, വെല്‍കെയര്‍ നഴ്‌സിംഗ് സ്‌കൂള്‍ ട്യൂട്ടര്‍ ലിഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.