കൊച്ചി: പറവൂര്‍ പള്ളിത്താഴം മാര്‍ക്കറ്റില്‍ പുതുതായി ആരംഭിച്ച ലൈവ് ഫിഷ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ഉള്‍നാടന്‍ ജലാശയങ്ങള്‍ മത്സ്യകൃഷിക്കായി ഉപയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. ജല സമ്പത്തുകള്‍ മാലിന്യ മുക്തമാക്കേണ്ടത് അത്യാവശ്യമാണ്. ജലാശയങ്ങളുടെ സമ്പത്ത് ഉല്‍പ്പാദനത്തിനായി മാറ്റണം. അതുവഴി തൊഴിലും ആരോഗ്യവും സംരക്ഷിക്കാനാകും. ഉള്‍നാടന്‍ ജലാശയങ്ങള്‍ ഉപയോഗിച്ച് ഇരട്ടി മത്സ്യസമ്പത്ത് ഉണ്ടാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി വേണ്ട പ്രധാന ഘടകം നിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളാണ്. 12 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇതിന് ആവശ്യമായിട്ടുള്ളത്. ഇറക്കുമതി ചെയ്ത മത്സ്യക്കുഞ്ഞുങ്ങളെ ഉപയോഗിച്ചാല്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിക്കില്ല. കേരളത്തില്‍ നമുക്ക് ലഭ്യമായത് രണ്ട് കോടി മാത്രമാണ്. വലിയൊരു ശ്രമത്തിലൂടെ ഇത് അഞ്ച് കോടിയില്‍ എത്തിക്കാനാണ് ഉദ്ദേശം.
ജൈവകൃഷി രീതിയിലൂടെയാണ് മത്സ്യസമ്പത്ത് വര്‍ധിപ്പിക്കേണ്ടത്. ഹാച്ചെറികളുടെ പ്രവര്‍ത്തനങ്ങള്‍ ഈ രീതിയിലേക്ക് മാറണം. മത്സ്യകൃഷി, ചെമ്മീന്‍ കൃഷി എന്നിവ പ്രോത്സാഹിപ്പിച്ചേ മതിയാകൂ. തൊഴില്‍, സാമ്പത്തികോല്‍പ്പാദനം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഈ വര്‍ഷം 5.7 കോടി രൂപയാണ് മത്സ്യകൃഷി വിപുലീകരിക്കുന്നതിന് സര്‍ക്കാര്‍ മാറ്റിവച്ചിട്ടുള്ളത്. ഒരു നെല്ലും ഒരു മീനും സമ്പ്രദായം പാലിക്കണം. മുറ്റത്തൊരു മത്സ്യകൃഷി എന്ന പദ്ധതിക്ക് തുടക്കംകുറിച്ചപ്പോള്‍ ഏഴായിരത്തോളം അപേക്ഷകളാണ് ലഭ്യമായത്. മത്സ്യകൃഷി എന്നത് ഒരു ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം ശരിയായി വിനിയോഗിക്കണം. ശുദ്ധമായ ജലമാണ് ഗുണനിലവാരമുള്ള മത്സ്യങ്ങള്‍ക്കുള്ള ഉറപ്പ്. കര്‍ഷകര്‍ക്ക് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങള്‍, കൃഷിക്ക് വേണ്ടിയുള്ള പരിശീലനങ്ങള്‍ എന്നിവ നല്‍കാന്‍ ഫിഷറീസ് വകുപ്പ് സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി 2018-19 ന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മത്സ്യ കര്‍ഷക വികസന ഏജന്‍സി വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ലൈവ് ഫിഷ് മാര്‍ക്കറ്റ്. അക്വാപോണിക്‌സ് മാതൃകയില്‍ ടാങ്കുകളില്‍ മത്സ്യങ്ങളെ വളര്‍ത്തിയാണ് വില്‍പ്പന. പഴക്കമില്ലാത്തതും വിഷരഹിതവുമായ മത്സ്യങ്ങള്‍ ഇവിടെ നിന്നും ലഭ്യമാകും. എറണാകുളം ജില്ലയില്‍ ഈ രീതിയിലുള്ള രണ്ട് യൂണിറ്റുകളാണ് ഇന്നുള്ളത്.
വൈപ്പിന്‍ എംഎല്‍എ എസ്. ശര്‍മ, പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ്, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി, പറവൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി രാജു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി നിഥിന്‍, എറണാകുളം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. സീമ സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.